
മുംബൈ: രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയാറാണെന്ന് വിരാട് കോലി ബിസിസിഐയെ അറിയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോലിയോട് തീരുമാനം പുന:പരിശോധിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അപരാജിത സെഞ്ചുറി നേടി മികച്ച തുടക്കമിട്ട കോലിക്ക് പിന്നീട് മികവ് കാട്ടാനായിരുന്നില്ല. ഈ പരമ്പരയ്ക്കിടെ തന്നെ കോലി വിരമിക്കാന്‍ തീരുമാനിച്ചിരുന്നവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
കോലി ഇത്തരത്തില്‍ ചിന്തിച്ചത് ക്രിക്കറ്റ് ആരാധകരിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ കോലിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ദയവായി വിരാട് കോലി വിരമിക്കരുത്. ഇന്ത്യന്‍ ടീമിന് നിങ്ങളെ എക്കാലത്തേക്കാളും ആവശ്യമുണ്ട്. നിങ്ങളുടെ പക്കല്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ടീം ഇന്ത്യയ്ക്കായി നിങ്ങള്‍ കളിക്കാന്‍ ഇറങ്ങാതെ ടെസ്റ്റ് ക്രിക്കറ്റ് പഴയതുപോലെയാകില്ല.. ദയവായി പുനഃപരിശോധിക്കുക.' റായിഡു തന്റെ സോഷ്യല്‍ മീഡിയ ചാനലില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന ഓസട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാട് കോലിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം കോലി ആകെ നേടിയത് 1990 റണ്‍സ് മാത്രമാണ്.
അടുത്തിടെ ആര്‍സിബി നായകനും ഇന്ത്യന്‍ നായകനുമായിരുന്നപ്പോഴത്തെ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വിരാട് കോലി ആര്‍സിബി പോഡ്കാസ്റ്റില്‍ മനസു തുറന്നിരുന്നു. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി സന്തോഷമാായിരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്നും കോലി പറഞ്ഞിരുന്നു. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്.