2026 ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയോട് 61 റൺസിന് പരാജയപ്പെട്ടതോടെ പാകിസ്ഥാൻ പുറത്താകൽ ഭീഷണിയിലാണ്. ഈ തോൽവി പാകിസ്ഥാന്‍റെ നെറ്റ് റൺറേറ്റ് കുത്തനെ ഇടിക്കുകയും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. 

കൊളംബോ: ട്വന്‍റി-20 ലോകകപ്പ് 2026ൽ ചിരവൈരികളായ ഇന്ത്യക്കെതിരെ ഏറ്റുവാങ്ങിയ കനത്ത പരാജയത്തോടെ പാകിസ്ഥാൻ പുറത്താകുമോ എന്ന ആശങ്കയിൽ പാക് ക്രിക്കറ്റ് ആരാധകർ. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 61 റൺസിനാണ് സൽമാൻ ആഗയുടെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാൻ പരാജയപ്പെട്ടത്. ഈ തോൽവിയോടെ പാകിസ്ഥാന്‍റെ നെറ്റ് റൺറേറ്റ് +0.932-ൽ നിന്നും -0.403 ലേക്ക് കൂപ്പുകുത്തി. നിലവിൽ ഗ്രൂപ്പ് എയിൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാകിസ്ഥാന്, ബുധനാഴ്ച നമീബിയക്കെതിരെ നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ് മത്സരം അതിനിർണ്ണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ മുൻ ചാമ്പ്യന്മാർ ടൂർണമെന്‍റിൽ നിന്ന് പുറത്താകും.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് തുടക്കത്തിലേ പിണഞ്ഞ വിക്കറ്റുകളാണ് തിരിച്ചടിയായത്. ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗിന്റെ (77 റൺസ്) കരുത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് അടിച്ചുകൂട്ടിയത്. പാക് നിരയിൽ സയിം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും ബാറ്റിംഗിൽ ഉസ്മാൻ ഖാൻ (44) ഒഴികെ മറ്റാർക്കും ഇന്ത്യൻ ബൗളിംഗ് നിരയെ ചെറുക്കാനായില്ല. റൺ അടിസ്ഥാനത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ട്വന്‍റി-20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ഈ ജയത്തോടെ ഇന്ത്യ സൂപ്പർ എയിറ്റ് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു.

തന്ത്രം പാളി

സ്പിന്നർമാരെ അമിതമായി വിശ്വസിച്ചുള്ള പാകിസ്ഥാന്റെ തന്ത്രം പാളിയതാണ് തോൽവിക്ക് പ്രധാന കാരണമെന്ന് ക്യാപ്റ്റൻ സൽമാൻ ആഗ മത്സരശേഷം സമ്മതിച്ചു. പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിക്ക് കേവലം രണ്ട് ഓവർ മാത്രം നൽകി 18 ഓവറുകളും സ്പിന്നർമാരെക്കൊണ്ട് എറിയിച്ച തീരുമാനം തിരിച്ചടിയാവുകയായിരുന്നു. പവർപ്ലേയിൽ തന്നെ മുൻനിര വിക്കറ്റുകൾ നഷ്ടമായത് തിരിച്ചുവരവ് അസാധ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമീബിയയോട് പാകിസ്ഥാൻ പരാജയപ്പെട്ടാൽ, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്ക (യുഎസ്എ) സൂപ്പർ എട്ടിലേക്ക് മുന്നേറും. 2024-ലെ ലോകകപ്പിലും പാകിസ്ഥാനെ പിന്നിലാക്കി അമേരിക്ക അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു എന്നത് പാക് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.