ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിക്കാന്‍ ആന്‍ഡ്ര്യു സ്ട്രോസ് വരുമോ ?

Published : Jun 18, 2020, 07:55 PM IST
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിക്കാന്‍ ആന്‍ഡ്ര്യു സ്ട്രോസ് വരുമോ ?

Synopsis

റോബര്‍ട്സിന്റെ ഒഴിവില്‍ ഇംഗ്ലീഷ് വംശജനായ നിക്ക് ഹോക്ക്‌ലിയെ ഇടക്കാല സിഇഒ ആയി തെരഞ്ഞെടുത്തെങ്കിലും ഓസീസ് ക്രിക്കറ്റിലെ ഉന്നതന്‍ സ്ട്രോസിനോട് സിഇഒ പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെല്‍ബണ്‍: കളിക്കളത്തില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ചിരവൈരികളാണ്. ആഷസ് പോരാട്ടം ഇരുരാജ്യങ്ങളുടെയും അഭിമാനപ്രശ്നവും. എന്നാവിപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ഒടുവില്‍ ഒരു ഇംഗ്ലീഷുകാരന്‍ തന്നെ വേണ്ടിവരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവച്ചതിലൂടെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സിഇഒ സ്ഥാനത്തേക്കാണ് ആന്‍ഡ്യ്രു സ്ട്രോസിനെ ക്ഷണിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ സിഇഒ ആയിരുന്ന കെവിന്‍ റോബര്‍ട്സ് രാജിവെച്ച ഒഴിവിലേക്കാണ് 43കാരനായ സ്ട്രോസിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ മുന്‍ സിഇഒ ആയ കെവിന്‍ റോബര്‍ട്സ് 80 ശതമാനം ജീവനക്കാരെ കുറക്കുകയും സംസ്ഥാന അസോസിയേഷനുകള്‍ക്കുള്ള ഗ്രാന്റ്  വെട്ടിക്കുറക്കുകയും കളിക്കാരുമായി പുതിയ പ്രതിഫലക്കരാര്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയായിരുന്നു റോബര്‍ട്സിന്റെ നിര്‍ബന്ധിത രാജി.


റോബര്‍ട്സിന്റെ ഒഴിവില്‍ ഇംഗ്ലീഷ് വംശജനായ നിക്ക് ഹോക്ക്‌ലിയെ ഇടക്കാല സിഇഒ ആയി തെരഞ്ഞെടുത്തെങ്കിലും ഓസീസ് ക്രിക്കറ്റിലെ ഉന്നതന്‍ സ്ട്രോസിനോട് സിഇഒ പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ കൂടിയായ സ്ട്രോസ് 2015 മുതല്‍ 2018വരെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടറായിരുന്നിട്ടുണ്ട്.

സിഇഒ പോസ്റ്റിലേക്കായി രാജ്യത്തിനകത്തും നിന്നും പുറത്തുനിന്നും അപേക്ഷകള്‍ സ്വീകരിക്കുമെന്നും നിര്‍ണായക പദവിയായതിനാല്‍ യോഗ്യതകള്‍ പരിഗണിച്ചേ നിയമനം നടത്തൂവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിംഗ്സ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി സീനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ ബോണസില്‍ 40 ശതമാനം കുറവു വരുത്താനും എ ടീമുകളുടെ വിദേശ പരമ്പരകള്‍ ഒഴിവാക്കാനും ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് കൂടി ഉപേക്ഷിച്ചാല്‍ അത് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് വലിയതിരിച്ചടിയാകും. ഈ വര്‍ഷം അവസാനം നടക്കേണ്ട ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലാണ് ഓസീസ് ക്രിക്കറ്റിന്റെ പിന്നീടുള്ള പ്രതീക്ഷകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
'ലോകകപ്പ് നേടിയത് പോലെ'; പാകിസ്ഥാന്റെ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേട്ടം ഇസ്ലാമാബാദില്‍ ആഘോഷമാക്കി ആരാധകര്‍