ശ്രീനാഥിന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഓവര്‍; പത്ത് വിക്കറ്റ് നേട്ടത്തെ കുറിച്ച് അനില്‍ കുംബ്ലെ

By Web TeamFirst Published Jul 24, 2020, 2:55 PM IST
Highlights

സിംബാബ്‌വെയുടെ മുന്‍ താരവും കമന്റേറ്ററുമായ പോമി എംബാങ്വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു ക്ലുംബെ.

ബംഗളൂരു: ആഭ്യന്തര ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ച് ഇന്ത്യന്‍ ടീമിലെത്തിയവരാണ് അനില്‍ കുംബ്ലെയും ജവഗല്‍ ശ്രീനാഥും. 1990ലാണ് കുംബ്ല ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിയുന്നത്. തൊട്ടടുത്ത വര്‍ഷം ശ്രീനാഥും ടീമിലെത്തി. അരങ്ങേറ്റം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങല്‍ക്ക് ശേഷമാണ് കുംബ്ലെ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്നത്. പാകിസ്ഥാനെതിരെ ഫിറോസ് ഷാ കോട്‌ലയിലായിരുന്നു മത്സരം. അന്നും ശ്രീനാഥ് ടീമിലുണ്ടായിരുന്നു. മത്സരത്തില്‍ ശ്രീനാഥിന്റെ റോളിനെ കുറിച്ച് വിവരിക്കുകയാണ് കുംബ്ലെ.

സിംബാബ്‌വെയുടെ മുന്‍ താരവും കമന്റേറ്ററുമായ പോമി എംബാങ്വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു ക്ലുംബെ. ഞാന്‍ ഒമ്പത് വിക്കറ്റ് പൂര്‍ത്തിയാക്കി നില്‍ക്കെയാണ് ശ്രീനാഥ് പന്തെറിയാനെത്തുന്നത്. കുംബ്ലെ തുടര്‍ന്നു... ''ശ്രീനാഥിന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഓവറായിരിക്കും അത്്്. ക്രിക്കറ്റിന്റെ അടിസ്ഥാന കാര്യം പോലും മറന്നാണ് അന്ന് അദ്ദേഹം പന്തെറിഞ്ഞത്. എല്ലാം എനിക്ക് വേണ്ടിയായിരുന്നു. എന്റെ പത്ത് വിക്കറ്റ് നേട്ടത്തിന് വേണ്ടി. ശ്രീനാഥ് തുടര്‍ച്ചയായി വൈഡ് പന്തുകള്‍ എറിഞ്ഞു. അങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്യുകയായിരുന്നു. അടുത്ത ഓവറില്‍ പത്ത് വിക്കറ്റ് തികയ്ക്കണം എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. എന്തെന്നാല്‍ അടുത്ത ഓവര്‍കൂടെ ഇത്തരത്തില്‍ എറിയേണ്ടിവരുന്നത് തെറ്റാണ്. അടുത്ത ഓവറില്‍ ഞാന്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. പരമ്പരയില്‍ പിന്നില്‍ നിന്നിട്ട് ഇന്ത്യ തിരിച്ചുവരികയായിരുന്നു. അതുകൊണ്ടുതന്നെ സ്‌പെഷ്യല്‍ ദിവസമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന നിമിഷങ്ങളാണത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. അതിന്റെ സമ്മര്‍ദ്ദവും എനിക്കുണ്ടായിരുന്നു.'' കുംബ്ലെ പറഞ്ഞുനിര്‍ത്തി. 

ഇന്ത്യ ജയിച്ച മത്സരത്തില്‍ 14 വിക്കറ്റുകളാണ് മത്സരത്തില്‍ കുംബ്ലെ വീഴ്ത്തിയത്. കുംബ്ലെയ്ക്ക് പത്ത് വിക്കറ്റ് നിഷേധിക്കാന്‍ ഒരാള്‍ റണ്ണൗട്ടാവാമെന്ന് അന്ന് ക്രീസിലുണ്ടായിരുന്ന വഖാര്‍ യൂനിസ് പറഞ്ഞതായി അന്നത്തെ ക്യാപ്റ്റന്‍ വസിം അക്രം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

click me!