നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടത് യുവതാരം; പേര് നിര്‍ദേശിച്ച് കുംബ്ലെ

By Web TeamFirst Published Dec 13, 2019, 2:07 PM IST
Highlights

മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഞായറാഴ്‌ച ആരംഭിക്കാനിരിക്കേയാണ് കുംബ്ലെയുടെ പ്രതികരണം

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിര്‍ണായക നാലാം നമ്പറില്‍ യുവതാരം ശ്രേയസ് അയ്യര്‍ വരട്ടെയെന്ന് ഇതിഹാസ സ്‌പിന്നറും ഇന്ത്യന്‍ മുന്‍ പരിശീലകനുമായ അനില്‍ കുംബ്ലെ. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഞായറാഴ്‌ച ആരംഭിക്കാനിരിക്കേയാണ് കുംബ്ലെയുടെ പ്രതികരണം. 

'ശിഖര്‍ ധവാന്‍ കളിക്കാത്ത സാഹചര്യത്തില്‍ ഓപ്പണിംഗില്‍ കെ എല്‍ രാഹുലിന് അവസരം നല്‍കണം. ശ്രേയസ് അയ്യരുടെ മികവും വളര്‍ച്ചയും നാം കാണുന്നതാണ്. അതിനാല്‍ ശ്രേയസിനെ നാലാം നമ്പറില്‍ ഇറക്കണം എന്നാണ് എന്‍റെ അഭിപ്രായം. വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ബൗള്‍ ചെയ്യുക വെല്ലുവിളിയാവും. ബിഗ് ഹിറ്റര്‍മാരാണ് വിന്‍ഡീസ് താരങ്ങള്‍. മികച്ച പിച്ചായിരിക്കും മത്സരങ്ങള്‍ക്ക്, ബൗളിംഗും അങ്ങനെ തന്നെയായിരിക്കണം' എന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ അഞ്ച്, ആറ് സ്ഥാനങ്ങളിലായിരുന്നു ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ അയ്യര്‍ക്ക് തിളങ്ങാനായില്ല. ടി20 പരമ്പര 2-1ന് ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ ഏകദിനം ഞായറാഴ്‌ച ചെന്നൈയിലും രണ്ടാം മത്സരം 18-ാം തിയതി വിശാഖപട്ടണത്തും മൂന്നാം ഏകദിനം 22ന് കട്ടക്കിലും നടക്കും.  

click me!