ചെന്നൈയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി ? ഒരു സൂപ്പർതാരം കൂടി ഐപിഎല്ലിൽ നിന്ന് പിൻമാറിയേക്കും

By Web TeamFirst Published Aug 31, 2020, 7:32 PM IST
Highlights

ചെന്നൈ ക്യാംപിൽ കൊവിഡ് വ്യാപനമാണ് താരത്തെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും കനത്ത തിരിച്ചടി. സുരേഷ് റെയ്നയ്ക്ക് പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കും. താരം ഇതുവരെ യുഎഇയിൽ എത്തിയിട്ടില്ല. അമ്മ അസുഖ ബാധിതയായി കിടക്കുന്നത് കാരണം ഹർഭജൻ ചെന്നൈയുടെ പരിശീലന ക്യാംപിൽ നിന്ന് വിട്ടുനിന്നിരുന്നു. രണ്ടാഴ്ച്ചയ്ക്കകം യുഎഇയിൽ എത്താനാണ് അദ്ദേഹത്തോട് പറഞ്ഞിരുന്നത്. എന്നാൽ ഹർഭന്റെ കാര്യം ഉറപ്പില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

ചെന്നൈ ക്യാംപിൽ കൊവിഡ് വ്യാപനമാണ് താരത്തെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഎഇയിലേക്ക് വിമാനം കയറേണ്ടെന്നാണ് ഹർഭജൻ സിംഗിന്റെ തീരുമാനം. ചെന്നെ ക്യാംപിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദീപക് ചാഹർ, ഋതുരാജ് ഗെയ്കവാദ് എന്നിവരുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് ദേശീയ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സിഎസ്കെ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും നടത്തിയിട്ടില്ല. 

ഇതിനിടെയാണ് ഉപനായകൻ സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് മടങ്ങുന്നതെന്നായിരുന്നു റിപ്പോർട്ട്. ബന്ധുക്കൾക്കെതിരെ കവർച്ച സംഘം നടത്തിയ ആക്രമണത്തെ തുടർന്നാണ് താരം മടങ്ങുന്നതെന്നും ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകി.  എന്നാൽ ഇതല്ല ടീം ക്യാംപിയുണ്ടായ പ്രശ്നങ്ങളാണ് പെട്ടന്നുണ്ടായ മടക്കത്തിന് കാരണമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

click me!