Latest Videos

ഏഷ്യാ കപ്പ്: ഒരു പേസര്‍ക്ക് കൂടി പരിക്ക്, ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് കനത്ത ആശങ്ക

By Jomit JoseFirst Published Aug 26, 2022, 9:34 AM IST
Highlights

ഏഷ്യാ കപ്പില്‍ ഞായറാഴ്‌ച നടക്കുന്ന ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് യുഎഇയില്‍ ശക്തമായ പരിശീലനത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പ് പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു ആശങ്ക. ദുബായില്‍ പരിശീലനത്തിനിടെ പേസര്‍ മുഹമ്മദ് വസീമിനെ നടുവേദന അലട്ടി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഐസിസി അക്കാഡമിയില്‍ പന്തെറിയുന്നതിനിടെ 21കാരനായ താരത്തിന് വേദന അനുഭവപ്പെടുകയയിരുന്നു. താരത്തെ എംആര്‍ഐ സ്‌കാനിംഗില്‍ വിധേയനാക്കും. 

ഏഷ്യാ കപ്പില്‍ ഞായറാഴ്‌ച നടക്കുന്ന ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് യുഎഇയില്‍ ശക്തമായ പരിശീലനത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ദുബായില്‍ എത്തിയ ശേഷം ടീമിന്‍റെ മൂന്ന് പ്രാക്‌ടീസ് സെഷനുകളിലും മുഹമ്മദ് വസീം പങ്കെടുത്തിരുന്നു. 

ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് വസീമിന്‍റെ പരിക്ക് ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇതിന്‍റെ ഭാഗമായാണ് താരത്തെ സ്‌കാനിംഗിന് അയക്കുന്നത്. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന് മുമ്പ് പാകിസ്ഥാന്‍റെ മത്സരങ്ങളില്‍ വസീമുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഷ്യാ കപ്പിന് ശേഷം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ പാകിസ്ഥാന് പരമ്പരകളുണ്ട്. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറി ഇതിനകം 11 രാജ്യാന്തര ടി20കള്‍ കളിച്ചിട്ടുള്ള മുഹമ്മദ് വസീം 15.88 ശരാശരിയിലും 8.10 ഇക്കോണമിയിലും 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാന് ഏറ്റവും നിര്‍ണായകമാകുമെന്ന് കരുതിയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് നേരത്തെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ദുബായില്‍ ഞായറാഴ്‌ച(ഓഗസ്റ്റ് 28) ആണ് ഏഷ്യാ കപ്പില്‍ ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യമുണ്ടെങ്കില്‍ ഫൈനലിലും ഇരു ടീമുകളും മുഖാമുഖം വരും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദുബായില്‍ അവസാനമായി ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് വിക്കറ്റുമായി ഷഹീന്‍ മത്സരത്തിലെ താരമായിരുന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റ് ജയവും സ്വന്തമാക്കി. 40 രാജ്യാന്തര ടി20കളില്‍ 47 വിക്കറ്റ് ഷഹീനുണ്ട്. 

മൂന്ന് ഫോര്‍മാറ്റിലും നൂറാമനാവാന്‍ വിരാട് കോലി; ഇന്ത്യ-പാക് അങ്കം ചരിത്ര മത്സരമാകും

click me!