Asianet News MalayalamAsianet News Malayalam

മൂന്ന് ഫോര്‍മാറ്റിലും നൂറാമനാവാന്‍ വിരാട് കോലി; ഇന്ത്യ-പാക് അങ്കം ചരിത്ര മത്സരമാകും

ടീം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ താരമാകാന്‍ ഒരുങ്ങുകയാണ് വിരാട് കോലി

Asia Cup 2022 IND vs PAK Virat Kohli set to become the first Indian to play 100 matches in all formats
Author
First Published Aug 26, 2022, 9:05 AM IST

ദുബായ്: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിയെ ഇത്രയേറെ ആകാംക്ഷയില്‍ നിര്‍ത്തിയ മറ്റൊരു ടൂര്‍ണമെന്‍റ് കാണില്ല. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് നാളെ യുഎഇയില്‍ തുടക്കമാവുമ്പോള്‍ ശ്രദ്ധാകേന്ദ്രം അതിനാല്‍ത്തന്നെ കോലിയാണ്. ഫോമിലേക്ക് മടങ്ങിയെത്തി വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ കോലി തയ്യാറെടുക്കേ സൂപ്പര്‍താരത്തെ കാത്ത് ഒരു റെക്കോര്‍ഡും യുഎഇയിലുണ്ട്. 

ടീം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ താരമാകാന്‍ ഒരുങ്ങുകയാണ് വിരാട് കോലി. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരം രാജ്യാന്തര ടി20യില്‍ കോലിയുടെ 100-ാം കളിയാകും. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു കോലിയുടെ നൂറാം ഏകദിനം. 2022ല്‍ മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നൂറാം ടെസ്റ്റും കോലി കളിച്ചിരുന്നു. അതിനാല്‍ പാകിസ്ഥാനെതിരായ മത്സരം കോലിയെ സംബന്ധിച്ച് ചരിത്ര മത്സരമാകും. 102 ടെസ്റ്റിൽ 8074 റൺസും 262 ഏകദിനത്തിൽ 12344 റൺസും 99 രാജ്യാന്തര ടി20യിൽ 3308 റൺസും കോലിക്കുണ്ട്. ആകെ 70 സെഞ്ചുറികളും രാജ്യാന്തര കരിയറില്‍ കോലിക്ക് സമ്പാദ്യം.  

ഞായറാഴ്‌ച(ഓഗസ്റ്റ് 28) ആണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം. 2019 നവംബറിന് ശേഷം സെഞ്ചുറി നേടാത്തതില്‍ കടുത്ത വിമര്‍ശനം നേരിടുന്ന കോലിക്ക് ബാറ്റ് കൊണ്ട് ആരാധകര്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട് ടൂര്‍ണമെന്‍റില്‍. വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പിക്കാന്‍ കോലിക്ക് ഏഷ്യാ കപ്പ് പ്രകടനം നിര്‍ണായകമാണ്. ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായില്‍ കടുത്ത പരിശീലനത്തിലാണ് കിംഗ് കോലി. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യ-പാക് ടീമുകള്‍ അവസാനമായി മുഖാമുഖം വന്നത്. അന്ന് ഇന്ത്യ 10 വിക്കറ്റിന് തോറ്റെങ്കിലും 57 റണ്‍സുമായി വിരാട് കോലിയായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

കൗതുകം ലേശം കൂടുതലാ, വൈറലായി രോഹിത് ശര്‍മ്മയുടെ വീഡിയോ; 'വണ്ടിപിടിച്ച്' പോയി പണി വാങ്ങിക്കരുതെന്ന് ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios