
കൊല്‍ക്കത്ത: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ ആഭ്യന്തര കലഹങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കി മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനം നടത്തവെ തനിക്കരികിലെത്തിയ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നയ്യാരോടുള്ള രോഹിത്തിന്‍റെ സ്വകാര്യ സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
മുംബൈ ഇന്ത്യന്‍സിന്‍റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവിടെ ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രോഹിത് അഭിഷേകിനോട് പറയുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്. ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നെ ഇതൊന്നും ബാധിക്കില്ല. അവരാണ് തീരുമാനം എടുക്കേണ്ടത്. എന്തൊക്കെ സംഭവിച്ചാലും അതെന്‍റെ വീടാണ് ഭായ്. ഞാനുണ്ടാക്കിയ ക്ഷേത്രമാണത് എന്ന് പറഞ്ഞശേഷം എന്തായാലും എനിക്കെന്താ ഇതെന്‍റെ അവസാനത്തേതാണെന്ന് പറഞ്ഞാണ് രോഹിത് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാൻ കൊൽക്കത്ത ഇന്നിറങ്ങും; പുറത്തായതിന്‍റെ നാണക്കേട് മറയ്ക്കാൻ മുംബൈ
ഈ സീസണൊടുവില്‍ രോഹിത് ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയോ മുംബൈ ഇന്ത്യന്‍സ് വിടുകയോ ചെയ്യുമെന്ന സൂചനയാണ് മുന്‍ നായകന്‍ നല്‍കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നായകനായശേഷം ടീമിലുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് രോഹിത് സംസാരിക്കുന്നതെന്നും രോഹിത് ഈ സീസണൊടുവില്‍ വിരമിക്കുകയോ മുംബൈ വിട്ട് മറ്റൊരു ടീമില്‍ ചേരുകയോ ചെയ്യുമെന്നാണ് പറയുന്നതെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.
അടുത്ത ഐപിഎല്‍ സീസണില്‍ രോഹിത് ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിക്കണമെന്ന് കഴിഞ്ഞ ദിവസം വസീം അക്രം പറഞ്ഞിരുന്നു. രോഹിത് മുംബൈ വിട്ട് ചെന്നൈ ടീമിന്‍റെ നായകനാവണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്തായാലും സീസണൊടുവില്‍ മുംബൈ ടീമില്‍ നിന്ന് രോഹിത് പടിയിറങ്ങുമെന്ന് ഉറപ്പായെന്ന് ആരാധകർ വിലയിരുത്തുന്നു.
രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ ടീമിലെ സീനീയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുംബൈയുടെ തുടര്‍ തോല്‍വികളെക്കുറിച്ചും സഹതാരങ്ങളോടുള്ള ഹാര്‍ദ്ദിക്കിന്‍റെ സമീപനത്തെക്കുറിച്ചും രോഹിത് അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ടീം മാനേജ്മെന്‍റിനോട് പരാതിപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് രോഹിത്തിന്‍റെ സംഭാഷണവും പുറത്തുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക