സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈയ്ക്ക് ഇന്ന് അഭിമാനപോരാട്ടമാണ്. കരുത്തരായ ഹൈദരാബാദിനെ വാങ്കഡേയിൽ മുട്ടുകുത്തിച്ചാണ് മുംബൈയുടെ വരവ്.

കൊൽക്കത്ത: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരക്കാണ് മത്സരം. സ്വന്തം തട്ടകത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാനാണ് കൊൽക്കത്ത ഇറങ്ങുന്നതെങ്കില്‍ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായതിന്‍റെ നാണക്കേട് മറക്കാനാണ് മുംബൈ ഇറങ്ങുന്നത്.

ഗൗതം ഗംഭീർ മെന്‍ററായി തിരച്ചെത്തിയതോടെ കൊൽക്കത്ത വൻ തിരിച്ചുവരവാണ് നടത്തിയത്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ് കൊല്‍ക്കത്ത. പരാജയമറിഞ്ഞത് മൂന്ന് കളിയിൽ മാത്രം. ഈഡൻ ഗാർഡൻസിലെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറുകയാണ് ഇന്ന് കൊല്‍ക്കത്തയുടെ ലക്ഷ്യം. കൊൽക്കത്തയുടെ ബാറ്റിംഗും ബൗളിംഗും ഒന്നിനൊന്ന് മെച്ചമാണ്. ഓപ്പണര്‍മാരായ ഫിൽ സാൾട്ടും സുനിൽ നരെയ്നും നൽകുന്ന സ്വപ്നതുല്യ തുടക്കത്തിനുശേഷം രഘുവൻശിയും ശ്രേയസ് അയ്യറും രമൺദീപ് സിങും ആന്ദ്രെ റസലും റിങ്കു സിംഗുമെല്ലാം തകര്‍ത്തടിക്കുമ്പോള്‍ വന്‍ സ്കോറുകള്‍ കൊല്‍ക്കത്തക്ക് പുതുമയല്ലാതായി.

ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ധോണിക്ക് മുന്നില്‍ വീണ് വണങ്ങി ആരാധകൻ, തോളില്‍ കൈയിട്ട് ചേര്‍ത്ത് പിടിച്ച് 'തല'

ബൗളിംഗിലും കൊല്‍ക്കത്തക്ക് ആശങ്കകളില്ല. ആദ്യ മത്സരങ്ങളിൽ ഫോം ഔട്ടായെങ്കിലും സ്റ്റാർ പേസ‍ർ മിച്ചൽ സ്റ്റാർക്ക് ഇപ്പോൾ കൊടുങ്കാറ്റായി മാറുന്നു. സുനിൽ നരെയ്ന്‍റെ ഓൾ റൗണ്ട് മികവാണ് തുറുപ്പുചീട്ട്. ഹർഷിത് റാണയും വരുൺ ചക്രവ‍ർത്തിയും അപകടകാരികളാണ്. എന്നാല്‍ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈയ്ക്ക് ഇന്ന് അഭിമാനപോരാട്ടമാണ്. കരുത്തരായ ഹൈദരാബാദിനെ വാങ്കഡേയിൽ മുട്ടുകുത്തിച്ചാണ് മുംബൈയുടെ വരവ്. സൂര്യകൂമാർ യാദവിന്‍റെ മിന്നും ഫോമിലാണ് മുംബൈയുടെ പ്രതീക്ഷ.

ഐപിഎൽ പ്ലേ ഓഫ്: ഇതുവരെ പുറത്തായത് 2 ടീമുകള്‍, ചെന്നൈ തോറ്റതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാനും ഹൈദരാബാദും

ഇനി ഒരു തോൽവി കൂടി നേരിട്ടാൽ മുംബൈ ആരാധകർ അടങ്ങി നിൽക്കില്ല. നായകൻ ഹാർദിക്കിനെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുറവിളികൾ കനക്കും. എന്നാൽ കൊൽക്കത്തയ്ക്കെതിരെയും ലഖ്നൗവിനെതിരെയും ജയിച്ച് 12 പോയിന്‍റുമായി സീസൺ അവസാനിപ്പിച്ചാൽ അഭിമാനം കാക്കാം. അടുത്ത സീസണിലും മുംബൈയിൽ തുടരണമെങ്കിൽ പല താരങ്ങൾക്കും മികവ് പുറത്തെടുക്കാനുള്ള അവസാന അവസരമാണിന്ന്. പ്രത്യേകിച്ച് ഓപ്പണർ ഇഷാൻ കിഷന്. ലോകകപ്പിന് ഒരുങ്ങുന്ന രോഹിതിനും ബുമ്രക്കും ഈഡൻ ഗാർഡനിൽ പരീക്ഷണങ്ങൾക്കുള്ള അവസാന അവസരം കൂടിയാണിത്. ഈ സീസണിൽ ഹോം ഗ്രൗണ്ടില്‍ കൊൽക്കത്തയോട് ഏറ്റുമുട്ടിയപ്പോൾ 24 റൺസ് തോൽവി വഴങ്ങിയതിന്‍റെ കണക്ക് വീട്ടാൻ കൂടിയാണ് മുംബൈ ഇന്നിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക