
കൊല്ലം: കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ അടുത്തെത്തി നില്‍ക്കെ, നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്്. കെസിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് റെക്കോര്‍ഡുള്ള ടീമാണ് കൊല്ലം സെയ്‌ലേഴ്‌സ്. പ്രഥമ സീസണില്‍ ചാമ്പ്യന്മാരായ കൊല്ലം, രണ്ടാം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തിരുന്നു. അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഇത്തവണത്തെ നിരയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മാച്ച് വിന്നര്‍മാരുണ്ടെന്നതാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. വത്സല്‍ ഗോവിന്ദാണ് ടീമിന്റെ ക്യാപ്റ്റന്‍.
കഴിഞ്ഞ രണ്ട് സീസണുകളിലും കൊല്ലത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബാറ്റിങ് നിര ഇക്കുറിയും അതിശക്തമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാറ്റിങ് നിരയുടെ നട്ടെല്ലായിരുന്ന അഭിഷേക് ജെ. നായര്‍ തന്നെയാണ് ഇക്കുറിയും ടീമിന്റെ പ്രതീക്ഷ. അഭിഷേകിനൊപ്പം ആനന്ദ് കൃഷ്ണനാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുക. തൃശൂര്‍ ടൈറ്റന്‍സിന്റെ ഭാഗമായിരുന്ന ആനന്ദിനെ 5.20 ലക്ഷത്തിനാണ് സെയിലേഴ്‌സ് ഇത്തവണ ടീമിലെത്തിച്ചത്. എന്‍എസ്‌കെ ട്രോഫിയില്‍ കാസര്‍കോടിനെതിരെ വെറും 40 പന്തില്‍ സെഞ്ച്വറി തികച്ചതടക്കം സമീപകാലത്ത് തകര്‍പ്പന്‍ ഫോമിലാണ് ആനന്ദ്.
ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദ്, എം അജിനാസ്, പ്രീതിഷ് പവന്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ ശക്തമായൊരു ബാറ്റിങ് നിരയാണ് സെയിലേഴ്‌സിന്റേത്. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ ആഴം നല്‍കുന്ന ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് ടീമിന്റെ മറ്റൊരു സവിശേഷത. ഷറഫുദ്ദീന്‍ തന്നെയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയന്‍. പ്രഥമ സീസണിലെ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആയിരുന്ന ഷറഫുദ്ദീന്‍ കഴിഞ്ഞ സീസണിലും തിളക്കമാര്‍ന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. ഷറഫുദ്ദീന് പുറമെ എസ്. മിഥുന്‍, അര്‍ജുന്‍ വേണുഗോപാല്‍, അഖില്‍ കെ.ജി, ആഷിഖ് മുഹമ്മദ് തുടങ്ങിയവരാണ് ഓള്‍റൗണ്ടര്‍മാരുടെ നിരയിലുള്ളത്. മത്സരത്തിന്റെ ഗതി തിരിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇവര്‍ എല്ലാവരും തന്നെ.
ഏതൊരു ശക്തമായ ബാറ്റിങ് നിരയെയും തളയ്ക്കാന്‍ പോന്ന ബൗളിങ് ആക്രമണമാണ് ഇത്തവണ കൊല്ലത്തിന്റേത്. പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ പ്രതിരോധത്തിലാക്കാനും, ഡെത്ത് ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാനും പ്രാപ്തിയുള്ള പേസര്‍മാര്‍ ടീമിനൊപ്പമുണ്ട്. രഞ്ജിയില്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച എം ഡി നിധീഷ് ഇത്തവണ സെയിലേഴ്‌സിന് വേണ്ടിയാണ് പന്തെറിയുക. ഒപ്പം കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന അമല്‍ എജിയും ടീമിനൊപ്പമുണ്ട്. പവന്‍ രാജ്, വിജയ് വിശ്വനാഥ്, മോനു കൃഷ്ണ എന്നിവരാണ് ബൗളിങ് നിരയിലെ മറ്റ് ശ്രദ്ധേയ സാന്നിധ്യങ്ങള്‍.
കെ കെ ജിയാസാണ് ടീമിന്റെ പരിശീലകന്‍. ആരോണ്‍ (വീഡിയോ അനലിസ്റ്റ്), ഡോ. ആഷ്‌ലി ടോമി (ഫിസിയോ), സഞ്ജു സതീഷ് (ഫിറ്റ്‌നസ് ട്രെയിനര്‍), വര്‍ഷ ബി. (കോച്ചിങ് സ്റ്റാഫ്), അജീഷ് (ടീം മാനേജര്‍) എന്നിവരടങ്ങുന്നതാണ് സപ്പോര്‍ട്ട് സ്റ്റാഫ്. ഡോ. എം പ്രഭിരാജാണ് ടീമിന്റെ സിഇഒ.
ടീം അംഗങ്ങള്‍ - വത്സല്‍ ഗോവിന്ദ്, അഭിഷേക് ജെ. നായര്‍, പവന്‍ രാജ്, ഷറഫുദ്ദീന്‍, വിജയ് വിശ്വനാഥ്, അജിനാസ് എം., ആനന്ദ് കൃഷ്ണന്‍, നിധീഷ് എം.ഡി., മുഹമ്മദ് ഇഷാഖ് പി., അര്‍ജുന്‍ വേണുഗോപാല്‍, അമല്‍ രമേഷ്, സച്ചിന്‍ പി.എസ്., അഖില്‍ കെ.ജി., ആഷിഖ് മുഹമ്മദ്, അമല്‍ എ.ജി., മോനു കൃഷ്ണ, മിഥുന്‍ എസ്., പ്രീതിഷ് പവന്‍, അരുണ്‍ പൗലോസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!