
ഡാര്‍വിന്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയ കനത്ത ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ കാണികളുടെ രസകരമായ ഒരു കമന്റിലൂടെ മത്സരം ശ്രദ്ധേയമായി. ബാറ്റിംഗിനിടയില്‍ സൈറ്റ് സ്‌ക്രീനിന് സമീപം തന്റെ ശ്രദ്ധ തെറ്റിക്കുന്ന എന്തോ കണ്ട് സ്റ്റീവ് സ്മിത്ത് ക്രീസില്‍ നിന്ന് മാറിനിന്നു. ഇതോടെയാണ് ഗാലറിയില്‍ നിന്ന് ഒരു ആരാധകന്‍ രസകരമായ പരിഹാസവുമായി എത്തിയത്. ബംഗ്ലാദേശ് പേസര്‍മാര്‍ ഓസ്‌ട്രേലിയയുടെ മുന്‍നിരയെ തകര്‍ത്തടിയ്ക്കുന്നതിനിടയില്‍ ടീമിനെ രക്ഷിക്കാന്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സ്മിത്ത്.
എന്നാല്‍ സൈറ്റ് സ്‌ക്രീനിന് ചുറ്റുമുള്ള അനക്കം കാരണം സ്മിത്ത് ബാറ്റിംഗ് വൈകിപ്പിച്ചു. ഇതോടൊണ് കമന്റ് എത്തിയത്. അതിങ്ങനെയായിരുന്നു... ''ആ പന്ത് ഒന്ന് അടിച്ചുകളയൂ, അധികാരം കാണിക്കാതെ. കളിയേക്കാള്‍ വലിയവനല്ല സ്റ്റീവ് നിങ്ങള്‍, അത് സഹിച്ചേക്ക്.'' എന്നാണ് ഒരു ആരാധകന്‍ ബ്രോഡ്കാസ്റ്റിലൂടെ മൈക്കില്‍ വ്യക്തമായി കേള്‍ക്കാവുന്ന വിധത്തില്‍ വിളിച്ചുപറഞ്ഞത്. 20 വര്‍ഷത്തിന് ശേഷം ഡാര്‍വിനില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയയ്ക്ക് നിരാശാജനകമായെങ്കിലും, ഈ സംഭവം ഗാലറിയില്‍ ചിരിപടര്‍ത്തി.
"Stop being a princess Steve!" 😭😭
The crowd in Darwin has officially lost its patience. That fan said what everyone was thinking! 😂 pic.twitter.com/r1aTuPiVbX— Nervous90s (@Nrvs90s) August 13, 2026
23 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശ്, ആദ്യ ദിനം തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ അവര്‍ വെറും 53 ഓവറില്‍ 198 റണ്‍സിന് പുറത്താക്കി. കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ഹസന്‍ മഹ്മൂദ് 55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് ആക്രമണത്തിന് നേതൃത്വം നല്‍കി. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 45 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ ഹസന്‍ മഹ്മൂദ് തന്റെ ആറും ഏഴും ഓവറുകളില്‍ മത്സരം മാറ്റിമറിച്ചു.
ജെയ്ക്ക് വെതേര്‍ഡാള്‍ഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കി. മാര്‍നസ് ലബുഷെയ്‌നും കാമറൂണ്‍ ഗ്രീനും പരാജയപ്പെട്ടപ്പോള്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 109 പന്തില്‍ നിന്ന് 71 റണ്‍സ് എടുത്ത സ്മിത്ത് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഒടുവില്‍ ഹസന്‍ മഹ്മൂദിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. ബംഗ്ലാദേശിനെതിരെ ഏഴ് ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!