
ലോര്‍ഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എടുത്ത ക്യാച്ച് വലിയ വിവാദമായിരിക്കുകയാണ്. ബെന്‍ ഡക്കെറ്റ് അടിച്ച ഷോട്ടില്‍ പന്ത് സുന്ദരമായി സ്റ്റാര്‍ക്ക് കൈക്കലാക്കിയെങ്കിലും ഇതിന് ശേഷം സ്ലൈഡ് ചെയ്യവേ ബോള്‍ നിലത്ത് മുട്ടി എന്ന് മനസിലാക്കി തേഡ് അംപയര്‍ വിക്കറ്റ് അനുവദിക്കാതിരിക്കുകയായിരുന്നു. എന്നാല്‍ ഇത് വിക്കറ്റാണ് എന്ന നിലപാടാണ് ഓസീസ് താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കും. ക്യാച്ച് സംബന്ധിച്ചുള്ള നിയമങ്ങള്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും വലിയ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതാണ് എന്ന് വാദിക്കുന്നവരുമുണ്ട്. സ്റ്റാര്‍ക്കിന്‍റേത് ക്യാച്ചോ അല്ലയോ എന്ന ചര്‍ച്ച പൊടിപൊടിക്കേ എന്താണ് നിയമം എന്ന് ട്വീറ്റ് ചെയ്‌ത് മെരിലെബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) രംഗത്തെത്തി.
എംസിസി ക്യാച്ച് സംബന്ധമായ നിയമത്തെ വിശദീകരിക്കുന്നത് ഇങ്ങനെ...'ഫീല്‍ഡര്‍ പന്തിന്‍മേലും മൂവ്‌മെന്‍റിലും പൂര്‍ണമായും നിയന്ത്രണത്തില്‍ എത്തിയാല്‍ മാത്രമേ ക്യാച്ച് പൂര്‍ത്തിയാകൂ. അതിന് മുമ്പ് പന്ത് നിലത്ത് തട്ടാന്‍ പാടില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് മൈതാനത്ത് സ്ലൈഡ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പന്ത് നിലത്ത് ഉരസിയിരുന്നു. അതിനാല്‍ അദേഹത്തിന് തന്‍റെ മൂവ്‌മെന്‍റില്‍ നിയന്ത്രണമുണ്ടായിരുന്നില്ല' എന്നും മെരിലെബോൺ ക്രിക്കറ്റ് ക്ലബ് വ്യക്തമാക്കി. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് രൂപം നല്‍കുന്ന സമിതിയാണ് എംസിസി.
അവസാന ഇന്നിംഗ്‌സില്‍ 371 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ബെന്‍ ഡക്കെറ്റിനെ പുറത്താക്കാനാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ബൗണ്ടറിലൈനിന് അരികെ ക്യാച്ചിന് ശ്രമിച്ചത്. കാമറൂണ്‍ ഗ്രീനിന്‍റെ ഉഗ്രന്‍ ബൗണ്‍സറില്‍ ബാറ്റ് വെച്ച ഡക്കെറ്റ് വിക്കറ്റാണ് എന്ന് കരുതി ഡ്രസിംഗ് റൂമിലേക്ക് മടങ്ങാനൊരുങ്ങുകയും ചെയ്‌തു. ഔട്ടാണെന്ന് ഓണ്‍ഫീല്‍ഡ് അംപയര്‍ വിധിച്ചെങ്കിലും മൂന്നാം അംപയര്‍ മാര്യസ് എരാസ്‌മസ് തീരുമാനം തിരുത്തി. പന്ത് കൈക്കലാക്കിയ ശേഷം സ്റ്റാര്‍ക്ക് സ്ലൈഡ് ചെയ്യുമ്പോള്‍ ബോള്‍ നിലത്ത് തട്ടുന്നത് റിപ്ലേകളില്‍ പ്രകടമായിരുന്നു. ഇതിന് പിന്നാലെ ഓസീസ് താരങ്ങളുടെ പ്രതിഷേധവും മുന്‍ താരങ്ങളുടെ രൂക്ഷ വിമര്‍ശനവും കണ്ടു. ഞാന്‍ കണ്ട ഏറ്റവും വലിയ മണ്ടത്തരമാണിത് എന്നായിരുന്നു മൂന്നാം അംപയറുടെ തീരുമാനത്തോട് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്‍റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം