
ലോര്‍ഡ്‌സ്: അവശേഷിക്കുന്നത് ഒരു ദിവസം, ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 257 റണ്‍സ്, ഓസീസിന് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റും. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ അവസാന ദിനമായ ഇന്ന് ജയപ്രതീക്ഷയുമായി ഇരു ടീമുകളും ലോര്‍ഡ്‌സിലിറങ്ങും. ആഷസ് ചരിത്രത്തിലെ മറ്റൊരു ത്രില്ലര്‍ പോരാട്ടം ബെന്‍ സ്റ്റോക്‌സ് കാഴ്‌ചവെക്കുമെന്ന് പ്രതീക്ഷിച്ച് ഇംഗ്ലീഷ് ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് പേസ് ത്രയം തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ജയിപ്പിക്കും എന്ന വിശ്വാസത്തിലാണ് ഓസീസ് കാണികള്‍.
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 371 റൺസ് വിജലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിംഗില്‍ പതറിയിരുന്നു. നാലാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 114 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആറ് വിക്കറ്റ് ശേഷിക്കേ അവസാന ദിനം ഇംഗ്ലണ്ടിന് ജയിക്കാൻ 257 റൺസ് കൂടി വേണം. 50 റൺസുമായി ബെൻ ഡക്കെറ്റും 29 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ. ഒരിക്കല്‍ക്കൂടി സ്റ്റോക്‌സിന്‍റെ ഹീറോയിസം കാത്താണ് ഇംഗ്ലീഷ് ആരാധകരുടെ ഇരിപ്പ്. മൂന്ന് റൺസ് വീതമെടുത്ത സാക് ക്രൗലിയും ഒലീ പോപും 18 റൺസെടുത്ത ജോ റൂട്ടുമാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായത്. പേസര്‍മാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതം നേടി.
രണ്ട് വിക്കറ്റിന് 130 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 279 റൺസിന് പുറത്തായതോടെ 370 റണ്‍സിന്‍റെ ആകെ ലീഡാണ് കങ്കാരുക്കള്‍ക്ക് ലഭിച്ചത്. 77 റൺസെടുത്ത ഓപ്പണര്‍ ഉസ്‌മാൻ ഖവാജയാണ് ടോപ് സ്കോറർ. സ്റ്റുവർട്ട് ബ്രോഡ് നാലും ജോഷ് ടംഗും റോബിൻസണും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് സ്കോറായ 416നെതിരെ ഇംഗ്ലണ്ട് 325 റണ്‍സില്‍ പുറത്തായിരുന്നു. മുപ്പത്തിരണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ്(110) ഓസീസിന് മികച്ച സ്കോര്‍ ഉറപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം