ആടിയുലഞ്ഞിട്ടും ഓസീസ് വീണില്ല; ആഷസ് രണ്ടാം ടെസ്റ്റ് സമനിലയില്‍

By Web TeamFirst Published Aug 19, 2019, 12:18 AM IST
Highlights

മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറിന്‍റെയും ജാക്ക് ലീച്ചിന്‍റെയും പന്തുകള്‍ക്ക് മുന്നില്‍ കുഴങ്ങിയെങ്കിലും 59 റണ്‍സെടുത്ത മാര്‍നസ് ലബുഷാഗ്നെയും  പുറത്താകാതെ 42 റണ്‍സെടുത്ത ട്രാവിസ് ഹെഡും ഓസീസിന് സമനില നേടിക്കൊടുക്കുകയായിരുന്നു

ലോര്‍ഡ്സ്: അവസാന ദിവസം ടെസ്റ്റ് ക്രിക്കറ്റിന്‍റെ എല്ലാ സൗന്ദര്യവും കളത്തില്‍ ഇരുടീമുകളും പ്രകടമാക്കിയപ്പോള്‍ ആഷസ് രണ്ടാം ടെസ്റ്റ് സമനിലയില്‍. കളി സമനിലയില്‍ കലാശിച്ചെങ്കിലും ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള വാശിയേറിയ പോരിനാണ്  ക്രിക്കറ്റിന്‍റെ മെക്കയെന്ന് വിളിക്കുന്ന ലോര്‍ഡ്സ് സാക്ഷ്യം വഹിച്ചത്. 

അവസാന ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 267 റണ്‍സിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറിന്‍റെയും ജാക്ക് ലീച്ചിന്‍റെയും പന്തുകള്‍ക്ക് മുന്നില്‍ കുഴങ്ങിയെങ്കിലും 59 റണ്‍സെടുത്ത മാര്‍നസ് ലബുഷാഗ്നെയും  പുറത്താകാതെ 42 റണ്‍സെടുത്ത ട്രാവിസ് ഹെഡും ഓസീസിന് സമനില നേടിക്കൊടുത്തു.

സ്കോര്‍ ഇംഗ്ലണ്ട് 258/10 , 258/5
ഓസ്ട്രേലിയ 250/10, 154/6

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 96 റൺസെന്ന നിലയില്‍ അഞ്ചാം ദിനം കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് സെഞ്ചുറി നേടി. 165 പന്തില്‍ 115 റണ്‍സുമായി സ്റ്റോക്സ് പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലീഷ് പട ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

പിന്നീട് കങ്കാരുക്കളെ എറിഞ്ഞൊതുക്കി വിജയം നേടാമെന്നുള്ള സ്വപ്നുമായി ഇംഗ്ലീഷ് ബൗളര്‍മാര്‍ ശ്രമിച്ച് നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കി ഓസീസ് പിടിച്ച് നിന്നു. കളിയില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ റോറി ബേണ്‍സിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും അര്‍ധ ശതകങ്ങളുടെ മികവില്‍ ഇംഗ്ലീഷ് സംഘം 258 റണ്‍സ് സ്വന്തമാക്കി.

ഓസീസിനായി പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വു‍ഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ സ്റ്റീവന്‍ സ്മിത്ത് (92) മാത്രം പൊരുതിയപ്പോള്‍ ഓസീസ് സ്കോര്‍ 250 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആഷസിന്‍റെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ വിജയം നേടിയിരുന്നു. ഇതോടെ പരമ്പരയില്‍ അവര്‍ 1-0ത്തിന് മുന്നിലാണ്. 

click me!