ബൗളിംഗ് കോച്ചിനെ അപമാനിച്ചു; അശോക് ദിന്‍ഡയെ ടീമില്‍ നിന്ന് പുറത്താക്കി ബംഗാള്‍

By Web TeamFirst Published Dec 25, 2019, 2:14 PM IST
Highlights

ഡ്രസ്സിംഗ് റൂമില്‍ ബംഗാള്‍ നായകന്‍ അഭിമന്യു ഈശ്വരനുമായി രണ്‍ദേബ് ബോസ് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടതിനെ ദിന്‍ഡ ചോദ്യം ചെയ്തതാണ് വിവാദത്തിന് അടിസ്ഥാനം.

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാള്‍ താരമായ അശോക് ദിന്‍ഡക്കെതിരെ നടപടിയുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. ബൗളിംഗ് പരിശീലകനെ അപമാനിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ആന്ധ്രക്കെതിരായ രഞ്ജി മത്സരത്തിനുള്ള ടീമില്‍ നിന്ന് ദിന്‍ഡയെ ഒഴിവാക്കി. ചൊവ്വാഴ്ച പരിശീലന സെഷനുശേഷമാണ് ബംഗാളിന്റെ ബൗളിംഗ് പരിശീലകനായ രണ്‍ദേബ് ബോസിനെ ദിന്‍ഡ അപമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും സമീപകാലത്തായി അത്ര രസത്തിലായിരുന്നില്ല.

ഡ്രസ്സിംഗ് റൂമില്‍ ബംഗാള്‍ നായകന്‍ അഭിമന്യു ഈശ്വരനുമായി രണ്‍ദേബ് ബോസ് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടതിനെ ദിന്‍ഡ ചോദ്യം ചെയ്തതാണ് വിവാദത്തിന് അടിസ്ഥാനം. സംഭവത്തില്‍ രണ്‍ദേബ് ബോസിനോട് മാപ്പ് പറയാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ദിന്‍ഡയോട് അതിന് തയാറായില്ല. തുടര്‍ന്നാണ് ടീമില്‍ നിന്നൊഴിവാക്കിയത്.

ആന്ധ്രക്കെതിരായ മത്സരത്തിനായി പച്ചപ്പുള്ള പിച്ചാണ് തയാറാക്കിയിരുന്നതെന്നും ദിന്‍ഡ മത്സരത്തില്‍ നിര്‍ണായക താരമാകുമായിരുന്നുവെന്നും ബംഗാള്‍ കോച്ച് അരുണ്‍ ലാല്‍ പറഞ്ഞു. എന്നാല്‍ മോശം പെരുമാറ്റത്തിലൂടെ സസ്പെന്‍ഷന്‍ വാങ്ങിയ ദിന്‍ഡ ബാഗാളിന്റെ പദ്ധതികള്‍ ആകെ തകിടം മറിച്ചുവെന്നും ദിന്‍ഡയെപ്പോലെ മുതിര്‍ന്ന താരത്തില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നും അരുണ്‍ ലാല്‍ വ്യക്തമാക്കി.

ദിന്‍ഡയെ പുറത്താക്കിയതിനെത്തുടര്‍ന്ന് 16 അംഗ ടീമിന് പകരം 15 അംഗ ടീമുമായാണ് ബംഗാള്‍ ആന്ധ്രക്കെതിരെ ഇറങ്ങുന്നത്. നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള ബംഗാള്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് ദിന്‍ഡ രഞ്ജി ട്രോഫിക്കുള്ള പരിശീലന ക്യാംപില്‍ നിന്ന് വിട്ടു നിന്നിരുന്നു. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിലും ദിന്‍ഡയും ആരും ടീമിലെടുത്തിരുന്നില്ല.116 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 420 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ദിന്‍ഡ മുന്‍ ഇന്ത്യന്‍ താരം കൂടിയാണ്.

click me!