
അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് ശേഷം പരസ്പരം ട്രോളുമായി ചേതേശ്വര്‍ പൂജാരയും ആര്‍ അശ്വിനും. പുജാര ബൗള്‍ ചെയ്തതിനെ ചൊല്ലിയായിരുന്നു അശ്വിന്റെ തമാശ. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പുജാര ഒരോവര്‍ എറിഞ്ഞിരുന്നു. അഹമ്മദാബാദില്‍ സമനില ഉറപ്പിച്ചതോടെയാണ് ക്യാപ്റ്റന്‍ രോഹിത് അപ്രതീക്ഷിതമായി, ലെഗ്‌സ്പിന്നര്‍ കൂടിയായ ചേതേശ്വര്‍ പുജാരയെ പന്തേല്‍പ്പിച്ചത്.
2015ന് ശേഷം ആദ്യമായി പന്തെടുത്ത പുജാരയുടെ ഓവര്‍ പൂര്‍ത്തിയായതും സമനിലയ്ക്ക് ക്യാപ്റ്റന്മാര്‍ സമ്മതിച്ചു. മത്സരം കഴിഞ്ഞയുടനെ ആണ് പുജാരയെ ട്രോളി സ്പിന്നര്‍ ആര്‍ അശ്വിന്‍ ട്വീറ്റ് ചെയ്തത്. പൂജാര ബൗള്‍ ചെയ്യുന്ന ചിത്രത്തിനൊപ്പം ഞാന്‍ എന്ത് ചെയ്യണം, പണി നിര്‍ത്തണോയെന്ന് അശ്വിന്റെ ചോദ്യം.
പൊതുവേ മിതഭാഷിയായ പുജാരയുടെ മറുപടി ഇങ്ങനെ.., 'പണിയൊന്നും മതിയാക്കേണ്ട, നാഗ്പൂര്‍ ടെസ്റ്റില്‍ തനിക്ക് പകരം അശ്വിന്‍ മൂന്നാമനായി ബാറ്റിംഗിനെത്തിയതിനുള്ള നന്ദി പ്രകടനമായി കണ്ടാല്‍ മതി.' അശ്വിന്റെ മറുപടി ഒട്ടും വൈകിയില്ല. പുജാര ബൗള്‍ ചെയ്താല്‍ അതെങ്ങനെ തനിക്കുള്ള പ്രത്യുപകാരം ആകുമെന്ന് ചോദ്യം.
ഭാവിയില്‍ ഇനിയും വണ്‍ഡൗണില്‍ ഇറങ്ങേണ്ടി വന്നാലോ എന്ന് കരുതി അശ്വിന് ആവശ്യത്തിന് വിശ്രമം നല്‍കിയതാണെന്ന് പുജാര തിരിച്ചടിച്ചു. എന്തായാലും പരസ്പരം ട്രോളിയുള്ള താരങ്ങളുടെ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി കഴിഞ്ഞതോടെ പൂജാര അശ്വിന്‍ ട്രോഫി തുടങ്ങിയെന്നായി കമന്റുകള്‍.
നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്‌കോര്‍: ഓസ്ട്രേലിയ 480, 175 & ഇന്ത്യ 571. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സമനിലയോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര, ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനില്ല, സഞ്ജുവിനെ വീണ്ടും തഴഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!