
മുംബൈ: ഐപിഎല്ലില്‍ (IPL2022) അത്യപൂര്‍വമായൊരു റെക്കോര്‍ഡ് സ്വന്തമാക്കി ആര്‍ അശ്വിന്‍ (R Ashwin). ഐപിഎല്ലില്‍ ആദ്യമായി റിട്ടയേര്‍ഡ് ഔട്ടായ താരമെന്ന റെക്കോര്‍ഡാണ് രാജസ്ഥാന്‍ റോയല്‍സ് പേരിനൊപ്പമായത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പത്തൊന്‍പതാം ഓവറില്‍ ആയിരുന്നു അശ്വിന്റെ അപ്രതീക്ഷിത നീക്കം. ആറാമനായി ക്രീസിലെത്തിയ അശ്വിന്‍ 28 റണ്‍സെടുത്തു നില്‍ക്കെ സ്വയം പിന്‍മാറുകയായിരുന്നു. 23 പന്തില്‍ രണ്ടു സിക്സറടക്കമാണ് അശ്വിന്‍ 28 റണ്‍സെടുത്തത്.
അവസാന പന്തുകളില്‍ പ്രതീക്ഷിച്ചപോലെ സ്‌കോറിംഗിന് വേഗം കൂട്ടാന്‍ കഴിയാതെ വന്നതോടെ അശ്വിന്‍ പുറത്താവാതെ തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. 10 പന്ത് ബാക്കി നില്‍ക്കേ റയാന്‍ പരാഗ് അശ്വിന് പകരം ക്രീസിലെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമും ഇതുപോലെ ഔട്ടാകാതെ ക്രീസ് വിട്ടുപോയിട്ടുണ്ട്. ഐപിഎല്ലില്‍ ആദ്യമായി മങ്കാദിങ് നടത്തിയ താരവും അശ്വിനായിരുന്നു.
പഞ്ചാബിനായി കളിക്കവേ രാജസ്ഥാന്റെ ജോസ് ബട്‌ലറെയാണ് അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയത്. ഇപ്പോള്‍ രാജസ്ഥാനായി റിട്ടയര്‍ഡ് ഔട്ടായും അശ്വിന്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചിരുന്നു. മൂന്ന് റണ്‍സിന്റെ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ 166 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ലഖ്‌നൗവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്.
അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നിന്റെ ആദ്യ പന്തില്‍ ആവേശ് ഖാന്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് മാര്‍ക്ക് സ്റ്റോയ്‌നിസിന് കൈമാറി. അതുവരെ തകര്‍ത്തടിച്ച സ്റ്റോയ്‌നിസിന് രണ്ടാം പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും റണ്ണെടുക്കാനായില്ല.
അഞ്ചാം പന്തില്‍ ബൗണ്ടറിയും ആറാം പന്തില്‍ സിക്‌സും നേടിയെങ്കിലും മൂന്ന് റണ്‍സിന്റെ ആവേശജയവുമായി രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!