
ചെന്നൈ: സഞ്ജു സാംസണിന്റെ കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ട്രേഡിംഗ് നടക്കാന്‍ സാധ്യതയില്ലെന്ന് സിഎസ്‌കെ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിന് മുമ്പ്, സഞ്ജു രാജസ്ഥാന്‍ വിടുമെന്നുള്ള വാര്‍ത്തകളുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആവട്ടെ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ശ്രമവും നടത്തുന്നു. എന്നാല്‍ സഞ്ജുവിന് പകരമായി രാജസ്ഥാന്‍ ആവശ്യപ്പെടുന്നത് രവീന്ദ്ര ജഡേജ, ശിവം ദുബെ, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് എന്നീ താരങ്ങളില്‍ ഒരാളെയാണ്. അതിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തയ്യാറല്ലെന്ന് അറിയിക്കുകയും ചെയ്തു.
ഇതിനിടെയാണ് ട്രേഡിനെ കുറിച്ച് അശ്വിന്‍ സംസാരിക്കുന്നത്. അശ്വിന്റെ വിശദീകരണം. ''സഞ്ജുവിനെ ട്രേഡ് ചെയ്താല്‍, രാജസ്ഥാന് അതേ ഇംപാക്റ്റ് ഉണ്ടാക്കുന്ന ഒരു താരത്തെ ലഭിക്കാന്‍ സാധ്യത കുറവാണ്. മാത്രമല്ല, സിഎസ്‌കെ സാധാരണയായി ട്രേഡിംഗില്‍ വിശ്വസിക്കുന്നില്ല. രവീന്ദ്ര ജഡേജയെയോ ശിവം ദുബെയെയോ പോലുള്ള കളിക്കാരെ അവര്‍ ട്രേഡ് ചെയ്യാന്‍ പോകുന്നില്ല. ഞാന്‍ വിശദീകരിച്ചതുപോലെ, സഞ്ജു സിഎസ്‌കെയിലേക്ക് വരാനുള്ള സാധ്യത കുറവാണ്. ഇത്തരത്തിലുള്ള ട്രേഡില്‍ നിന്ന് രാജസ്ഥാന് വലിയ നേട്ടമൊന്നുമില്ല.'' അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
2012 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്നാണ് സാംസണ്‍ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്, പക്ഷേ ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അടുത്ത വര്‍ഷത്തെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ വാങ്ങി, തുടര്‍ന്ന് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. 2015 വരെ രാജസ്ഥാനു വേണ്ടി കളിച്ചു. തുടര്‍ന്ന് രാജസ്ഥാനെ രണ്ട് വര്‍ഷത്തേക്ക് ബാന്‍ ചെയ്തപ്പോള്‍ 2016, 2017 സീസണുകളില്‍ സഞ്ജു ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) വേണ്ടി കളിച്ചു. എന്നിരുന്നാലും, 2018ല്‍ അദ്ദേഹം വീണ്ടും രാജസ്ഥാനിലേക്ക് മടങ്ങി. 2022ല്‍ അവരെ അവരുടെ രണ്ടാമത്തെ ഫൈനലിലേക്ക് നയിച്ചു, പക്ഷേ പരാജയപ്പെട്ടു.
അതുകൊണ്ട് തന്നെ, നിരവധി സീസണുകളായി സാംസണ്‍ ആര്‍ആറിന്റെ അവിഭാജ്യ ഘടകമാണ്. 2026 വരെ ടീമിനൊപ്പം തുടരുമോ അതോ മറ്റൊരു ഫ്രാഞ്ചൈസിക്ക് മാറുമോ എന്ന് കണ്ടറിയണം.