പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യ കപ്പ്; ഇന്ത്യയുടെ അന്തിമ തീരുമാനത്തിനായി കാക്കുമെന്ന് പാക് ബോര്‍ഡ്

By Web TeamFirst Published Sep 30, 2019, 11:35 AM IST
Highlights

ഇന്ത്യ പങ്കെടുക്കുമോ എന്നറിയാന്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ കാത്തിരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ പങ്കെടുക്കുമോ എന്നറിയാന്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ കാത്തിരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയെ ഏഷ്യാ കപ്പില്‍ പങ്കെടുപ്പിക്കാന്‍ പിസിബി തയ്യാറാണെന്നും പാക് ബോര്‍ഡ് സിഇഒ വസിം ഖാന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തു. 

പാക് ബോര്‍ഡും ബിസിസിഐയും തമ്മിൽ നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സര്‍ക്കാരിന്‍റെ ഇടപെടൽ ഉണ്ടെന്നും വസിം ഖാന്‍ പറഞ്ഞു. ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റണോയെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗൺസില്‍ ആണ് തീരുമാനിക്കേണ്ടതെന്നും പാക് ബോര്‍ഡ് വ്യക്തമാക്കി.

പാകിസ്ഥാനില്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കേണ്ടത്. വേദിയാവാന്‍ 2018ലാണ് പാക്കിസ്ഥാന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കിയത്. എന്നാല്‍ പാകിസ്ഥാനിലാണോ യുഎഇയിലാണോ മത്സരങ്ങള്‍ നടക്കുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. 

click me!