പ്ലേയിംഗ് ഇലവനില്‍ വരണം രണ്ട് താരങ്ങള്‍; ഇന്ത്യന്‍ ലൈനപ്പ് പോരാന്ന് ചേതേശ്വര്‍ പൂജാര

By Jomit JoseFirst Published Sep 6, 2022, 2:20 PM IST
Highlights

ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്‍റെ കരുത്ത് അളക്കുന്ന ടൂര്‍ണമെന്‍റാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെത്തിയെങ്കിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒട്ടും സന്തുഷ്‌ടനല്ല ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര. രണ്ട് താരങ്ങള്‍ ഇലവനിലേക്ക് ഉറപ്പായും വരേണ്ടതുണ്ട് എന്ന് പൂജാര വാദിക്കുന്നു. 

'സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ വരണം എന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ടീമില്‍ മാറ്റം വരണം എന്ന് എനിക്കിപ്പോഴും തോന്നുന്നു. ഈ കോംപിനേഷന്‍ ഇപ്പോള്‍ ഫലപ്രദമല്ല. ഹാര്‍ദിക് പാണ്ഡ്യ നന്നായി പന്തെറിയുന്നുണ്ട്. എല്ലായിപ്പോഴും നാല് ഓവറും എറിയാന്‍ അദ്ദേഹത്തോട് പറയാനാവില്ല. അതിനാല്‍ ആവേശ് ഖാന്‍ ആരോഗ്യവാനാണെങ്കില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണം'- പൂജാര ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നിലധികം മാറ്റങ്ങള്‍ ഇലവനില്‍ വരാനിടയുണ്ട്. പാകിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടി20യില്‍ വിവിധ താരങ്ങളെ പരീക്ഷിക്കുകയാണ് ഇന്ത്യ. ടി20 ലോകകപ്പിനായി കൃത്യമായ സ്‌ക്വാഡിനെയും പ്ലേയിംഗ് ഇലവനേയും കണ്ടെത്താന്‍ വേണ്ടിയാണിത്. 

ഇന്ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ഇന്ത്യ-ശ്രീലങ്ക മത്സരം. റിഷഭ് പന്ത് കളിക്കുമോ, ദിനേശ് കാര്‍ത്തിക് മടങ്ങിയെത്തുമോ, ബൗളര്‍മാര്‍ ആരാകും എന്നിങ്ങനെ വലിയ ആകാംക്ഷയാണ് ടീം തെരഞ്ഞെടുപ്പില്‍ നിലനില്‍ക്കുന്നത്. രോഹിത് ശര്‍മ്മയെയും സംഘത്തേയും സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണിന്ന്. ലങ്കയെയും അഫ്ഗാനിസ്ഥാനേയും തോൽപിച്ചാലേ ഇന്ത്യ ഫൈനലിലെത്തൂ. ഏഷ്യാ കപ്പില്‍ വിരാട് കോലിയടക്കമുള്ള ബാറ്റർമാർ ഫോമിലേക്ക് എത്തിയപ്പോൾ കുത്തഴിഞ്ഞ ബൗളിംഗാണ് ഇന്ത്യയുടെ ആശങ്ക.

ആകെമൊത്തം ആശയക്കുഴപ്പം, തലപെരുത്ത് ദ്രാവിഡും രോഹിത്തും; ലങ്കയ്‌ക്കെതിരായ സാധ്യതാ ഇലവന്‍

click me!