ആകെമൊത്തം ആശയക്കുഴപ്പം, തലപെരുത്ത് ദ്രാവിഡും രോഹിത്തും; ലങ്കയ്‌ക്കെതിരായ സാധ്യതാ ഇലവന്‍

By Jomit JoseFirst Published Sep 6, 2022, 11:44 AM IST
Highlights

ടി20 ലോകകപ്പ് ഒരുക്കമെന്ന നിലയിലും ഏറ്റവും ശക്തമായ ഇലവനെ ഇന്ത്യക്ക് അണിനിരത്തേണ്ടതുണ്ട്

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ അതിനിര്‍ണായകമായ പോരാട്ടത്തിന് ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ ഏവരും ആകാംക്ഷയിലാണ്. ഇന്ത്യ ടീം കോംപിനേഷനില്‍ എന്ത് മാറ്റമാണ് വരുത്തുക എന്നതാണ് ആകാംക്ഷയ്‌ക്ക് കാരണം. ചെറിയൊരു പിഴവ് പോലും ഇന്ന് ഇന്ത്യയ്‌ക്ക് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നേക്കാം.

ടി20 ലോകകപ്പ് ഒരുക്കമെന്ന നിലയിലും ഏറ്റവും ശക്തമായ ഇലവനെ ഇന്ത്യക്ക് അണിനിരത്തേണ്ടതുണ്ട്. ഇക്കാര്യം ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'അടുത്ത മൂന്നുനാല് ദിവസങ്ങളില്‍ വര്‍ക്ക്‌ ലോഡ് മാനേജ്‌മെന്‍റുണ്ടാവില്ല പരിക്കിന്‍റെ പ്രശ്‌നം വന്നാലല്ലാതെ. എല്ലാ മത്സരങ്ങളും വിജയിക്കാനാണ് നോക്കുന്നത്. മത്സരങ്ങളും ടൂര്‍ണമെന്‍റും വിജയിക്കുക, വിജയിക്കാന്‍ ഏറ്റവും മികച്ച പ്രയത്‌നം നടത്തുക. ലോകകപ്പിലേക്ക് അടുക്കുകയാണ്. അതിനാല്‍ ഏറ്റവും മികച്ച സ്‌ക്വാഡിനെ കളിപ്പിക്കാനാണ് ശ്രമം' എന്നുമായിരുന്നു ദ്രാവിഡിന്‍റെ വാക്കുകള്‍. 

ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യ ഫിനിഷര്‍ ദിനേശ് കാര്‍ത്തിക്കിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നല്‍കുമോ എന്നതാണ് ഒരു ചോദ്യം. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രം നേടിയ യുസ്‌വേന്ദ്ര ചാഹലിനെ പുറത്തിരുത്തുമോ എന്നതും ചോദ്യമായി തുടരുന്നു. 

ടീം ഇന്ത്യയുടെ ടോപ് ഫോറില്‍ യാതൊരു മാറ്റത്തിനും സാധ്യതയില്ല. കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും തന്നെയാവും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ഫോമിലേക്ക് തിരിച്ചെത്തിയ കോലിയും നാലാമനായി സൂര്യകുമാര്‍ യാദവും തുടരും. പിന്നീടങ്ങോട്ടെല്ലാം ആശയക്കുഴപ്പമാണ്. ഷോട്ട് സെലക്ഷന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന റിഷഭ് പന്ത് അഞ്ചാമനായി തുടരുമോ എന്നത് വലിയ ചോദ്യമാണ്. ദീപക് ഹൂഡയ്ക്ക് മറ്റൊരു അവസരം കൂടി നല്‍കുമോ ടീം? ഫിനിഷറായി ഡികെ മടങ്ങിവരാനാണ് സാധ്യത. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്തിനും ഇളക്കംതട്ടില്ല. 

പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി അക്‌സര്‍ പട്ടേല്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും അര്‍ഷ്‌ദീപ് സിംഗും തുടരുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍ എന്ന നിലയ്‌ക്ക് രവി ബിഷ്ണോയി, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാളെ പ്ലേയിംഗ് ഇലവനില്‍ കാണൂ. പാകിസ്ഥാനെതിരെ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയത് ബിഷ്‌ണോയിക്ക് അനുകൂലമാണ്. അവസരം കാത്ത് രവിചന്ദ്ര അശ്വിനും ആവേശ് ഖാനും പുറത്ത് കാത്തുനില്‍ക്കുന്നുമുണ്ട്. 

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം; ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ, സര്‍പ്രൈസ് നിറച്ച് ടീം കോംപിനേഷന്‍

click me!