അഫ്‍ഗാനെ കറക്കിയടിച്ച സെഞ്ചുറി; രഹസ്യം തുറന്നുപറഞ്ഞ് വിരാട് കോലി

By Jomit JoseFirst Published Sep 9, 2022, 9:10 AM IST
Highlights

2019 നവംബർ 23ന് ശേഷം വിരാട് കോലിയുടെ ബാറ്റിൽ നിന്നുള്ള ആദ്യ സെഞ്ചുറിയാണ് ദുബായില്‍ അഫ്ഗാനെതിരെ പിറന്നത്

ദുബായ്: അന്താരാഷ്ട്ര ട്വന്‍റി 20യിൽ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ റണ്‍ മെഷീന്‍ വിരാട് കോലി. ഒരു മാസത്തെ വിശ്രമമാണ് ഫോം വീണ്ടെടുത്താൻ സഹായിച്ചതെന്നും കോലി പറഞ്ഞു. ഏഷ്യാ കപ്പില്‍ അഫ്‍ഗാനിസ്ഥാനെതിരെ സൂപ്പർ ഫോർ പോരാട്ടത്തില്‍ തകർപ്പന്‍ സെഞ്ചുറി നേടിയ ശേഷമാണ് കോലിയുടെ പ്രതികരണം. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‍വെ പര്യടനങ്ങളില്‍ കോലിക്ക് വിശ്രമം നല്‍കിയത് നേരത്തെ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. 

2019 നവംബർ 23ന് ശേഷം വിരാട് കോലിയുടെ ബാറ്റിൽ നിന്നുള്ള ആദ്യ സെഞ്ചുറിയാണ് ദുബായില്‍ അഫ്ഗാനെതിരെ പിറന്നത്. ടീം ഇന്ത്യക്കൊപ്പം ടി20യിൽ കോലിയുടെ ആദ്യ സെഞ്ചുറിയുമാണിത്. ഓപ്പണറായി ക്രീസിലെത്തിയ കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. ഇതോടെ ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് കോലിക്ക് സ്വന്തമായി. എഴുപത്തിയൊന്നാം രാജ്യാന്തര സെഞ്ചുറിയോടെ കോലി ഏറ്റവും കൂടുതൽ ശതകങ്ങള്‍ നേടിയ രണ്ടാമത്തെ താരമായ റിക്കി പോണ്ടിംഗിനൊപ്പമെത്തി. 100 സെഞ്ചുറിയുള്ള സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. തിരിച്ചടികളുടെ കാലത്ത് ഒപ്പം നിന്ന അനുഷ്കയ്ക്കാണ് കോലി സെഞ്ചുറി സമർപ്പിക്കുന്നത്.

കോലി തകർപ്പന്‍ സെഞ്ചുറി നേടിയ മത്സരം ഇന്ത്യ 101 റണ്‍സിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ 212 റണ്‍സ് പടുത്തുയർത്തി. സ്ഥിരം നായകന്‍ രോഹിത് ശർമ്മയില്ലാതെയാണ് ഇന്ത്യയിറങ്ങിയത്. കോലിയുടെ സഹ ഓപ്പണറും താല്‍ക്കാലിക നായകനുമായ കെ എല്‍ രാഹുല്‍ 41 പന്തില്‍ 62 റണ്‍സും സൂര്യകുമാർ യാദവ് രണ്ട് പന്തില്‍ ആറും റിഷഭ് പന്ത് 16 പന്തില്‍ 20ഉം റണ്‍സും നേടി. 

മറുപടി ബാറ്റിംഗില്‍ അഫ്ഗാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ വെറും 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്. 59 പന്തില്‍ 64 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറർ.അർഷ്ദീപ് സിംഗും രവിചന്ദ്ര അശ്വിനും ദീപക് ഹൂഡയും ഓരോ വിക്കറ്റ് നേടി. 

ആവശ്യത്തിനായി, ഇനിയെന്തിന് രോഹിത് ശർമ്മയ്ക്ക് വിശ്രമം; ടീം സെലക്ഷനെ ചോദ്യം ചെയ്ത് ഗംഭീർ
 

click me!