അഫ്ഗാനെതിരെ രോഹിത് ശർമ്മയ്ക്ക് വിശ്രമം നല്‍കി കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇറങ്ങിയത്

ദുബായ്: ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ച തീരുമാനത്തിനെതിരെ മുന്‍ ഓപ്പണർ ​ഗൗതം ഗംഭീർ. രോഹിത് ആവശ്യത്തിന് വിശ്രമം ഇതിനകം എടുത്തതല്ലേ എന്നാണ് ഹിറ്റ്മാന്‍റെ ചോദ്യം. 'രോഹിത് ശർമ്മയ്ക്ക് വിശ്രമം നല്കേണ്ടതില്ല. ആവശ്യത്തിന് വിശ്രമം ഇതിനകം എടുത്തിട്ടുണ്ട്. ടി20 ലോകകപ്പ് മുന്‍നിർത്തി ഇനിയുള്ള എല്ലാ മത്സരങ്ങളും രോഹിത് കളിക്കുകയാണ് വേണ്ടത്' എന്നുമായിരുന്നു മത്സരത്തിലെ കമന്‍റേറ്ററായ ഗംഭീറിന്‍റെ പ്രതികരണം. 

അഫ്ഗാനെതിരെ രോഹിത് ശർമ്മയ്ക്ക് വിശ്രമം നല്‍കി കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇറങ്ങിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ രോഹിത്തിനായിരുന്നില്ല. സൂപ്പർ ഫോറില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു.

അതേസമയം അഫ്ഗാനെതിരെ അവസാന സൂപ്പർ ഫോർ മത്സരത്തില്‍ 101 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി കെ എല്‍ രാഹുലിന്‍റെ നായകത്വത്തില്‍ ഇന്ത്യ ടൂർണമെന്‍റെ അവസാനിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ 212 റണ്‍സ് പടുത്തുയർത്തി. മൂന്ന് വർഷത്തോളം നീണ്ട സെഞ്ചുറി വളർച്ചയ്ക്ക് അറുതിവരുത്തിയ കിംഗ് കോലി രാജ്യാന്തര ടി20യിലെ ആദ്യ ശതകവുമായി ക്ലാസ് തെളിയിക്കുകയായിരുന്നു. കോലി 61 പന്തില്‍ 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122ഉം രാഹുല്‍ 41 പന്തില്‍ 62ഉം റണ്‍സെടുത്തു. 

മറുപടി ബാറ്റിംഗില്‍ അഫ്ഗാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ വെറും 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്. 59 പന്തില്‍ 64 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറർ. 

ആശ്വസിക്കാം, അഫ്ഗാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം! രാഹുലും കോലിയും ഫോമിലെത്തിയത് ലോകകപ്പ് പ്രതീക്ഷ