
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ടീം ഇന്ത്യയെ കുടുക്കി വിക്കറ്റ് കീപ്പര്‍ സ്ഥാനം. റിഷഭ് പന്തിനെ വേണോ അതോ ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കണോ പ്ലേയിംഗ് ഇലവനില്‍ എന്ന കാര്യത്തില്‍ തലപുകയ്‌ക്കുകയാണ് പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. ഇന്ന് ശനിയാഴ്‌ച നടക്കുന്ന അവസാനവട്ട പരിശീലനത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മാനേജ്‌മെന്‍റ് കൈക്കൊള്ളുക.
നിലവില്‍ സ്‌ക്വാഡിലുള്ള രണ്ട് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ്. വിക്കറ്റ് കീപ്പിംഗ് ഓപ്‌ഷനായി കെ എല്‍ രാഹുമുണ്ടെങ്കിലും താരത്തെ ബാറ്ററായാവും പരിഗണിക്കുക. റിഷഭ് പന്ത് ടീമിന് ഇടംകൈയന്‍ ബാറ്റര്‍ ഓപ്‌ഷന്‍ കൂടി നല്‍കുമ്പോള്‍ അവസാന ഓവറുകളില്‍ ഫിനിഷിംഗ് റോളാണ് ഐപിഎല്ലിന് ശേഷം ദിനേശ് കാര്‍ത്തിക് വഹിക്കുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ റിഷഭിനെ സാഹചര്യത്തിന് അനുസരിച്ച് മുമ്പ് ഉപയോഗിച്ചിട്ടുള്ളതും ടീം തെരഞ്ഞെടുപ്പില്‍ പരിഗണനാ വിഷയമായേക്കും.
ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ടോപ് ഫോര്‍ ഇതിനകം ഉറപ്പായിട്ടുണ്ട്. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ഓപ്പണറാവുമ്പോള്‍ വിരാട് കോലിയും സൂര്യകുമാര്‍ യാദവും മൂന്നും നാലും നമ്പറുകളില്‍ എത്തുമെന്നുറപ്പാണ്. ബൗളിംഗ്, ബാറ്റിംഗ് മികവ് പരിഗണിക്കുമ്പോള്‍ ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇവനിലെത്തും എന്നുമുറപ്പ്. അപ്പോള്‍ത്തന്നെ ആറ് സ്ഥാനങ്ങള്‍ ഉറപ്പായി. ഇതാണ് ഒരു വിക്കറ്റ് കീപ്പര്‍ മാത്രം ഇലവനിലെത്താനുള്ള സാധ്യതയൊരുക്കുന്നത്. എന്തായാലും ആരാവും വിക്കറ്റ് കീപ്പറാവുക എന്നത് വലിയ സര്‍പ്രൈസായിക്കഴിഞ്ഞു.
ഏഷ്യാ കപ്പില്‍ നാളെ ഞായറാഴ്‌ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇരു ടീമും മുഖാമുഖം വന്ന വേദിയാണിത്. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വിരാട് കോലിക്ക് ടൂര്‍ണമെന്‍റിലെ പ്രകടനം നിര്‍ണായകമാകും. ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടെയും പാക് ടീമിന് ഷഹീന്‍ അഫ്രീദിയുടേയും അഭാവം തിരിച്ചടിയാവും. ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യയാണ് ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍ എന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!