വേലിക്ക് അപ്പുറം ഇപ്പുറം നിന്ന് സ്നേഹാലിംഗനം, പാക് ആരാധകരുടെ മനംകീഴടക്കി രോഹിത് ശര്‍മ്മ- വീഡിയോ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരുന്ന ആദ്യ മത്സരത്തിന്‍റെ ആവേശം പടരുകയാണ്. പാരമ്പര്യവൈരികളെന്നാണ് വിളിപ്പേരെങ്കിലും ഇരു രാജ്യങ്ങളിലേയും താരങ്ങളും ആരാധകരും തമ്മില്‍ അഭേദ്യമായ സ്നേഹബന്ധമാണുള്ളത്. വൈരവും വൈകാരികതയുമില്ലെന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ വാക്കുകളിലുണ്ട് അക്കാര്യം. അതിലവസാനിക്കുന്നില്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഇരു രാജ്യങ്ങളിലേയും ആരാധകര്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ദുബായില്‍ പരിശീലനത്തിനെത്തിയപ്പോള്‍ കാണാനെത്തിയ പാക് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഹിറ്റ്‌മാനൊപ്പം സെല്‍ഫിയെടുക്കണം എന്നതായിരുന്നു പാക് ആരാധകരുടെ വലിയ ആഗ്രഹം. ഇതിനായി കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ രോഹിത് ചിത്രങ്ങളെടുത്തു. ഒരു ബാരിക്കേഡിന് അപ്പുറവും ഇപ്പുറവും നിന്ന് സ്നേഹാലിംഗം ചെയ്തു പാക് ആരാധകനെ ഹിറ്റ്‌മാന്‍. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. ഇന്ത്യ-പാക് താരങ്ങളുടെ പരിശീലനം കാണാന്‍ എന്നും ആരാധകരുടെ പ്രളയമാണ് ദുബായില്‍. ഇരു ടീമുകളിലേയും താരങ്ങള്‍ സൗഹൃദം പങ്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇന്ത്യ-പാക് ആരാധകര്‍ക്കൊപ്പം കോലി കഴിഞ്ഞ ദിവസം സെല്‍ഫിയെടുത്തിരുന്നു.
ഏഷ്യാ കപ്പില്‍ നാളെയാണ് ഇന്ത്യ-പാകിസ്ഥാൻ സൂപ്പര്‍ പോരാട്ടം. ദുബായില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയാണ് ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സൂര്യകുമാർ യാദവും റിഷഭ് പന്തും അടങ്ങിയ ബാറ്റിംഗ് നിര ശക്തമാണെങ്കിലും വിരാട് കോലിയുടെ ബാറ്റിലേക്കാണ് ആരാധകരുടെ കണ്ണുകളെല്ലാം. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വിമര്‍ശകര്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നല്‍കേണ്ടതുണ്ട് കിംഗ് കോലിക്ക്. ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടെയും പാക് ടീമിന് ഷഹീന്‍ അഫ്രീദിയുടേയും അഭാവം തിരിച്ചടിയാവും. സന്തുലിതമായ ടീമാണെങ്കിലും ബാബര്‍ അസമിന്‍റെ ബാറ്റുകളിലാണ് പാകിസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷ.
ഇന്ത്യ-പാക് ഏഷ്യന്‍ ക്രിക്കറ്റ് ഡര്‍ബി നാളെ; ആരാധകര്‍ അറിയാതെ പോകരുത് ഈ വിവരങ്ങള്‍
