അപമാനം തന്നെ അപമാനം; റിഷഭ് പന്തിനെ തഴഞ്ഞ് ഹാര്‍ദിക് പാണ്ഡ്യയെ നേരത്തെയിറക്കി, പൊട്ടിച്ചിരിച്ച് ആരാധകര്‍

By Jomit JoseFirst Published Sep 7, 2022, 12:34 PM IST
Highlights

റിഷഭിന്‍റെ ഷോട്ട് സെലക്ഷന്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടെയെത്തിയ വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് ആരാധകരും വിമര്‍ശകരും

ദുബായ്: ക്രിക്കറ്റില്‍ സാഹചര്യത്തിനും തന്ത്രങ്ങള്‍ക്കും അനുസരിച്ച് താരങ്ങളുടെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ റിഷഭ് പന്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നേരത്തെ ബാറ്റിംഗിന് അയക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 

ഇന്ത്യന്‍ നായകന്‍ രോഹിത് ശ‍ര്‍മ്മ പുറത്തായ ശേഷം 13-ാം ഓവറില്‍ അഞ്ചാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു റിഷഭ് പന്ത്. റിഷഭിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയും ഡഗൗട്ടിലുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക്കാണ് ക്രീസിലേക്ക് പോകേണ്ടത് എന്ന നിര്‍ദേശം വന്നു. ഞാനാണോ അടുത്തത് എന്ന് ഹാര്‍ദിക് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഗ്ലൗസ് ഇടാന്‍ തയ്യാറെടുക്കുകയായിരുന്ന റിഷഭ് പന്ത് ഇതോടെ കസേരയില്‍ ഇരിപ്പായി. ഇതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റിഷഭിന്‍റെ ഷോട്ട് സെലക്ഷന്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടെയെത്തിയ വീഡിയോ കണ്ട് ചിരിക്കുകയാണ് ആരാധകരും വിമര്‍ശകരും.

ബാറ്റിംഗ് ഓര്‍ഡര്‍ മാറി ഇരുവരേയും ഇറക്കിയിട്ട് ടീമിന് പ്രയോജനമൊന്നുമുണ്ടായില്ല. ഹാര്‍ദിക്കും റിഷഭും 13 വീതം പന്തുകള്‍ നേരിട്ട് 17 റണ്‍സ് വീതവുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയെ ഷനകയും റിഷഭ് പന്തിനെ മദുഷനകയുമാണ് പുറത്താക്കിയത്. 

He was about to wear the gloves 😭 pic.twitter.com/wSREjWK6n9

— Aditya Jinde (@AdityaJinde7)

ഹാര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും തിളങ്ങാതിരുന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ തോല്‍വി നേരിട്ടു. ഇന്ത്യയുടെ 173 റൺസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ശേഷിക്കേ ലങ്ക മറികടന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും(52), കുശാല്‍ മെന്‍ഡിസും(57) ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തതും അവസാന ഓവറുകളിലെ ഭാനുക രജപക്സെ(17 പന്തില്‍ 25*), ക്യാപ്റ്റന്‍ ദാസുന്‍ ഷനക(18 പന്തില്‍ 33*) വെടിക്കെട്ടിലുമാണ് ലങ്കയുടെ വിജയം. 41 പന്തിൽ 72 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അർധസെഞ്ച്വറിയായിരുന്നു ഇന്ത്യയെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിച്ചത്. സൂര്യകുമാര്‍ യാദവ് 34 റണ്‍സെടുത്തു. ഹാര്‍ദിക്കിനും റിഷഭിനും പുറമെ കെ എല്‍ രാഹുല്‍(6), വിരാട് കോലി(0), ദീപക് ഹൂഡ(3) എന്നിവര്‍ക്കും തിളങ്ങാനായില്ല. 

'താന്‍ എന്തൊരു ക്രൂരനാണ് രോഹിത് ശര്‍മ്മേ'! അര്‍ഷ്‌ദീപിനെ ഗൗനിക്കാതിരുന്ന നായകനെ തള്ളി ആരാധകര്‍- വീഡിയോ

click me!