സഞ്ജു കാണുമോ സ്‌ക്വാഡില്‍, സാധ്യതകള്‍ ഇങ്ങനെ; ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം ഇന്ന്

By Web TeamFirst Published Aug 8, 2022, 11:50 AM IST
Highlights

വിക്കറ്റ് കീപ്പറുടെ സ്ഥാനത്താവട്ടെ, യുവതാരം റിഷഭ് പന്തിന് പുറമെ സമീപകാലത്ത് ഫിനിഷറായി പേരെടുത്ത ദിനേശ് കാര്‍ത്തിക്കുമുണ്ട്

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള(Asia Cup 2022) ഇന്ത്യൻ ടീം പ്രഖ്യാപനത്തിലേക്ക് നീളുകളാണ് ആരാധകരുടെ കണ്ണുകള്‍. ഇന്ന് ചേരുന്ന സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കും. ഉച്ചകഴിഞ്ഞ് ടീം പ്രഖ്യാപനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായോ സ്‌പെഷ്യലിസ്റ്റ് ബാറ്ററായോ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍(Sanju Samson) സ്‌ക്വാഡില്‍ ഇടംപിടിക്കുമോ എന്നാണ് ഏവരും ചോദിക്കുന്നത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ വിസ്‌മയ പ്രകടനം പ്രതീക്ഷിച്ച് സഞ്ജുവിന്‍റെ ബാറ്റിലേക്ക് ഉറ്റുനോക്കിയ ആരാധകര്‍ നിരാശരായി മടങ്ങിയിരുന്നു. 11 പന്തില്‍ 15 റണ്‍സ് മാത്രമേ സഞ്ജു നേടിയുള്ളൂ. അതിനാല്‍ സഞ്ജുവിന് അവസരം നല്‍കാന്‍ സെലക്‌ടര്‍മാര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. പ്രത്യേകിച്ച് ടീമിലേക്ക് കെ എല്‍ രാഹുലും വിരാട് കോലിയും തിരിച്ചെത്തുന്ന സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് രണ്ട് സ്ലോട്ടുകളാണ് നഷ്‌ടമാവുക. രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ സ്‌ക്വാഡില്‍ ഉറപ്പായുമുണ്ടാവും. വിന്‍ഡീസിനെതിരെ അഞ്ചാം ടി20യില്‍ തകര്‍ത്തടിച്ച ശ്രേയസ് അയ്യരും ദീപക് ഹൂഡയും കൂടി സ്‌ക്വാഡിലെത്താനിടയുണ്ട് എന്നുകൂടി ഓര്‍ക്കണം. ഇതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ ഉള്‍പ്പെടുത്തുമോ എന്ന് പറയാനാവില്ല. 

വിക്കറ്റ് കീപ്പറുടെ സ്ഥാനത്താവട്ടെ, യുവതാരം റിഷഭ് പന്തിന് പുറമെ സമീപകാലത്ത് ഫിനിഷറായി പേരെടുത്ത ദിനേശ് കാര്‍ത്തിക്കുമുണ്ട്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ നിന്ന് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സമീപകാല പ്രകടനം വച്ചുനോക്കിയാല്‍ ഇഷാനേക്കാള്‍ മികവുണ്ട് എന്നതിലാണ് സഞ്ജു ആരാധകരുടെ പ്രതീക്ഷ. ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ സഞ്ജു ടീമിലുണ്ടാവണം എന്ന വാദം ശക്തമാണ്. അതിനാല്‍ ലോകകപ്പിന് മുമ്പായി സുവര്‍ണാവസരം എന്ന നിലയില്‍ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സെലക്‌ടര്‍മാര്‍ തീരുമാനിച്ചാല്‍ സ‍ഞ്ജുവിന് സന്തോഷവാര്‍ത്തയാകും ഇന്ന് പുറത്തുവരിക. 

പേസര്‍മാരായി ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ എന്നിവര്‍ക്കൊപ്പം വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട അര്‍ഷ്‌ദീപ് സിംഗ് എത്താനാണ് സാധ്യത. അര്‍ഷ്‌ദീപിനെ ഏഷ്യാ കപ്പില്‍ കളിപ്പിക്കണമെന്ന് മുന്‍താരങ്ങളുള്‍പ്പടെ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. യുസ്‌വേന്ദ്ര ചാഹലിനൊപ്പം സ്‌പിന്നറായി ഇടംപിടിക്കാന്‍ രവി അശ്വിന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ് എന്നിവര്‍ തമ്മിലാകും മത്സരം. പരിക്കേറ്റതിനാല്‍ ഹര്‍ഷല്‍ പട്ടേലിനെ സെലക്ഷനായി പരിഗണിക്കില്ല. 

അല്ലേലും കട്ട ചങ്കുകള്‍ ഇങ്ങനെയാണ്; യാസ്‌തിക ഭാട്യയുടെ അമളി ആഘോഷമാക്കി സഹതാരങ്ങള്‍- വീഡിയോ വൈറല്‍


 

click me!