വിക്കറ്റ് കീപ്പിംഗിനിടെ തലയ്‌ക്ക് പരിക്കേറ്റ താനിയ ഭാട്യയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി യാസ്‌തിക ഭാട്യ കളത്തിലിറങ്ങുമ്പോഴായിരുന്നു സംഭവം

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍(Commonwealth Games Women's Cricket 2022 Final) പ്രതാപകാരികളായ ഓസ്‌ട്രേലിയയോട്(INDW vs AUSW) പൊരുതി വെള്ളി മെഡല്‍ അണിഞ്ഞിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം(Indian Women's Cricket Team). കലാശപ്പോരില്‍ സ്വര്‍ണ സ്വപ്‌നം കയ്യകലെ നഷ്‌ടമായെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഓര്‍ക്കാനേറെ നിമിഷങ്ങള്‍ ഇന്ത്യന്‍ ടീമിനുണ്ട്. മത്സരത്തിനിടെ രസകരമായ ഒരു സംഭവം ഇന്ത്യന്‍ ടീമിലുണ്ടായി എന്നത് കൗതുകമായി. 

ഡഗൗട്ടിലെ കൂട്ടച്ചിരി 

വിക്കറ്റ് കീപ്പിംഗിനിടെ തലയ്‌ക്ക് പരിക്കേറ്റ താനിയ ഭാട്യയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി യാസ്‌തിക ഭാട്യ കളത്തിലിറങ്ങുമ്പോഴായിരുന്നു സംഭവം. ബൗണ്ടറിക്ക് അരികിലെ പരസ്യബോര്‍ഡ് ചാടിക്കടന്ന് ബാറ്റിംഗിന് മൈതാനത്തേക്ക് വരാന്‍ ശ്രമിക്കവെ യാസ്‌തികയ്‌ക്ക് ഊഴം പിഴയ്‌ക്കുകയായിരുന്നു. പരസ്യബോര്‍ഡില്‍ കാല്‍ കുടുങ്ങി യാസ്‌തിക നിലതെറ്റി മറിഞ്ഞുവീണു. ഇതുകണ്ട് തൊട്ടടുത്ത് ഡഗൗട്ടിലുണ്ടായിരുന്ന സഹതാരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഓപ്പണര്‍ സ്‌മൃതി മന്ഥാനയും ജെമീമ റോഡ്രിഗസുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സഹതാരങ്ങള്‍ക്കൊപ്പം ഈ നര്‍മ്മമുഹൂര്‍ത്തം യാസ്‌തിക ഭാട്യ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. മത്സരത്തില്‍ യാസ്‌തിക അഞ്ച് പന്തില്‍ 2 റണ്‍സെടുത്ത് മടങ്ങി. 

Yastika Bhatia trips when walking out 😅😭😭 #birmingham2022 #cwg2022

ജയത്തിനരികെ വീഴ്‌ച 

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ തോൽപിച്ച് കിരീടം ചൂടി. വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയ കന്നി ഗെയിംസില്‍ തന്നെ കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് നഷ്‌ടമായത്. ഓസീസിന്‍റെ 161 റൺസ് പിന്തുടർന്ന ഇന്ത്യ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ പോരാട്ടത്തിനിടയിലും 152 റൺസിന് പുറത്താവുകയായിരുന്നു. 65 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 118-2 എന്ന നിലയിൽ നിന്നായിരുന്നു തോല്‍വിയിലേക്കുള്ള ഇന്ത്യന്‍ വീഴ്‌ച. ഷെഫാലി വർമ്മ 11ഉം സ്മൃതി മന്ദാന ആറും ജമീമ റോഡ്രിഗസ് 33ഉം റൺസെടുത്ത് മടങ്ങി. 61റൺസെടുത്ത ബേത്ത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറർ. 

ഓസീസിനെന്താ കൊമ്പുണ്ടോ? കൊവിഡ് ബാധിച്ച താലിയ മക്ഗ്രാത്തിന് കളിക്കാന്‍ അനുമതി കിട്ടി, വിവാദം പുകയുന്നു