ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ സന്ദേശം അയച്ചത് എം എസ് ധോണി മാത്രം; വെളിപ്പെടുത്തലുമായി വിരാട് കോലി

By Jomit JoseFirst Published Sep 5, 2022, 9:33 AM IST
Highlights

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ തോല്‍വിക്ക് ശേഷമാണ് വിരാട് കോലി മാധ്യമങ്ങളെ കാണാനെത്തിയത്

ദുബായ്: മഹേന്ദ്ര സിംഗ് ധോണിയുമായുള്ള വ്യക്തിപരമായ അടുപ്പം തുറന്നുപറഞ്ഞ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചപ്പോൾ ഒപ്പം കളിച്ചവരില്‍ മെസേജ് അയച്ച ഒരേയൊരാൾ ധോണി മാത്രമാണെന്ന് കോലി പറഞ്ഞു. ഇരുവരും തമ്മിൽ എക്കാലവും പരസ്‌പരബഹുമാനം ഉണ്ടെന്നും കോലി പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു ടെസ്റ്റ് ക്യാപ്റ്റന്‍സി കോലി മതിയാക്കിയത്. ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച നായകനെന്ന ഖ്യാതിയുണ്ട് കോലിക്ക്. എം എസ് ധോണിയില്‍ നിന്നാണ് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 

'ഞാനൊരു കാര്യം നിങ്ങളോട് പറയാം. ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചപ്പോഴായിരുന്നു അത്. ഞാന്‍ ഒന്നിച്ച് കളിച്ചവരില്‍ ഒരാളില്‍ നിന്ന് മാത്രമാണ് മെസേജ് ലഭിച്ചത്. അത് എം എസ് ധോണിയായിരുന്നു. എന്‍റെ നമ്പര്‍ പലരുടേയും കയ്യിലുള്ളപ്പോഴായിരുന്നു ഇത്. ഏറെപ്പേര്‍ ടെലിവിഷന്‍ ചാനലുകള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി. അവര്‍ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു. എല്ലാവരുടേയും എടുത്ത് എന്‍റെ നമ്പറുണ്ടായിരുന്നു. എന്നാല്‍ ആരും സന്ദേശം അയച്ചില്ല. എനിക്ക് ധോണിയില്‍ നിന്ന് ഒന്നും വേണ്ട. ധോണിക്ക് എന്നില്‍ നിന്നും. രണ്ട് പേര്‍ക്കും പരസ്‌പരം അരക്ഷിതാവസ്ഥ ഉണ്ടായിരുന്നില്ല. എനിക്ക് ആരോടേലും എന്തെങ്കിലും പറയാനുണ്ടേല്‍ വ്യക്തിപരമായി സമീപിച്ച് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ടീമിനായി കഠിനപ്രയത്‌നം നടത്തുകയാണ് എന്‍റെ ജോലി, അത് തുടരും' എന്നും കോലി പറഞ്ഞു. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ തോല്‍വിക്ക് ശേഷമാണ് വിരാട് കോലി മാധ്യമങ്ങളെ കാണാനെത്തിയത്. മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം കുറച്ച് നാളുകളായി മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കോലി. ഫോമില്ലായ്‌മയെ ചൊല്ലിയുള്ള വിമര്‍ശനങ്ങളും കോലിയെ ഈ തീരുമാനത്തിലേക്ക് നയിച്ചിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ പാക് ടീമിനെതിരെ സൂപ്പര്‍ ഫോറില്‍ സൂപ്പര്‍ ഫിഫ്റ്റി നേടി ശേഷം ആത്മവിശ്വാസത്തോടെയാണ് കിംഗ് കോലി മാധ്യമങ്ങളെ കണ്ടത്. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ 35 റണ്‍സെടുത്ത കോലി ഹോങ്കോങ്ങിനെതിരെയും സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെയും തുടര്‍ച്ചയായി അര്‍ധ സെഞ്ചുറികള്‍ കുറിച്ചു. 44 പന്തില്‍ 60 റണ്‍സാണ് ഇന്നലെ കോലി നേടിയത്.  

'ഒരു താരവും ക്യാച്ച് മനപ്പൂര്‍വം കളയില്ല'; അര്‍ഷ്‌ദീപ് സിംഗിനെ ആക്രമിക്കുന്നവരുടെ വായടപ്പിച്ച് ഹര്‍ഭജന്‍

click me!