ദ്രാവിഡ് ഏഷ്യാ കപ്പിനുണ്ടാകുമോ? നാളെ നിര്‍ണായകം; വന്‍മതില്‍ ഇല്ലേലും ഇന്ത്യന്‍ ടീമിന് നിരാശപ്പെടേണ്ടിവരില്ല!

By Jomit JoseFirst Published Aug 24, 2022, 8:51 AM IST
Highlights

ബെംഗളൂരുവില്‍ നിന്ന് ചൊവ്വാഴ്‌ച ദുബായിലേക്ക് പോവേണ്ടിയിരുന്നതാണ് രാഹുല്‍ ദ്രാവിഡ്. കൊവിഡ് സാഹചര്യത്തില്‍ എന്നാല്‍ ദ്രാവിഡിന് യാത്ര ചെയ്യാനായില്ല. 

ദുബായ്: ഏഷ്യാ കപ്പിന് മുമ്പ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് പിടിപെട്ട ഞെട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇന്നലെ ദുബായിലേക്ക് പോയപ്പോള്‍ ദ്രാവിഡ് ഒപ്പമുണ്ടായിരുന്നില്ല. നാളെ വീണ്ടും ദ്രാവിഡിനെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കും. പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ ഇതിഹാസ താരം ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അല്ലെങ്കില്‍ വിവിഎസ് ലക്ഷ്‌മണാകും ഇന്ത്യയെ ടൂര്‍ണമെന്‍റില്‍ പരിശീലിപ്പിക്കുക. 

വിവിഎസ് ലക്ഷ്‌മണനെ സ്റ്റാന്‍ഡ്‌ബൈ പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നതായാണ് ഇന്‍സൈഡ്‌ സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 'നിസാരമായ രോഗലക്ഷണങ്ങളെ ദ്രാവിഡിനുള്ളൂ. അതിനാല്‍ വിവിഎസ് ലക്ഷ്‌മണനെ പകരക്കാരനായി അയക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഹരാരെയിലുള്ള വിവിഎസ് ഇന്ന് ചിലപ്പോള്‍ ദുബായിലേക്ക് തിരിക്കും. ദ്രാവിഡിന്‍റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ലക്ഷ്‌മണിനോട് ആവശ്യപ്പെടാവുന്നതാണ്. വീണ്ടും പരിശോധന നടത്താന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബിസിസിഐ വൃത്തങ്ങള്‍ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. 

ബെംഗളൂരുവില്‍ നിന്ന് ചൊവ്വാഴ്‌ച ദുബായിലേക്ക് പോവേണ്ടിയിരുന്നതാണ് രാഹുല്‍ ദ്രാവിഡ്. കൊവിഡ് സാഹചര്യത്തില്‍ എന്നാല്‍ ദ്രാവിഡിന് യാത്ര ചെയ്യാനായില്ല. ദ്രാവിഡിന് ഏഷ്യാ കപ്പ് ടീമിന്‍റെ ഭാഗമാകാന്‍ കഴിയാതെ വന്നാല്‍ വിവിഎസ് ലക്ഷ്‌മണിനെ എത്തിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുകയാണ് ബിസിസിഐ. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ദ്രാവിഡ്. ടീം ഇന്ത്യയുടെ അവസാന സിംബാബ്‌വെ പര്യടത്തില്‍ വിശ്രമത്തിലായിരുന്ന ദ്രാവിഡിന് പകരം വിവിഎസാണ് ടീമിനെ പരിശീലിപ്പിച്ചത്. ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാന് എതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

ഏഷ്യാ കപ്പ് 2022: സാക്ഷാല്‍ സച്ചിന്‍റെ ഹിമാലയന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മ്മ, കോലിക്കും സാധ്യത

click me!