ഏഷ്യാ കപ്പ് 2022: സാക്ഷാല്‍ സച്ചിന്‍റെ ഹിമാലയന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മ്മ, കോലിക്കും സാധ്യത

By Jomit JoseFirst Published Aug 24, 2022, 8:22 AM IST
Highlights

ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ആവേശം വാനോളം ഉയരുകയാണ്. ബന്ധവൈരികളായ പാകിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് ഇക്കുറി ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് പരീക്ഷ തുടങ്ങുക. ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരങ്ങളെ കാത്തൊരു ഗംഭീര റെക്കോര്‍ഡുണ്ട് എന്നതും ആവേശം കൂട്ടുന്നു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനുള്ള അവസരമാണ് നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കും മുന്‍ നായകന്‍ വിരാട് കോലിക്കുമുള്ളത്. 

ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 971 റണ്‍സാണ് ടൂര്‍ണമെന്‍റില്‍ സച്ചിന്‍റെ സമ്പാദ്യം. 883 റണ്‍സുമായി രോഹിത് ശര്‍മ്മ സച്ചിന്‍റെ തൊട്ടുപിന്നിലുണ്ട്. മൂന്നാമന്‍ വിരാട് കോലിക്കുള്ളത് 766 റണ്‍സും. 690 റണ്‍സുമായി എം എസ് ധോണി നാലാമതും 613 റണ്‍സോടെ ശിഖര്‍ ധവാന്‍ അഞ്ചാമതും നില്‍ക്കുന്നു. ഇവരില്‍ ധോണി വിരമിച്ച താരമാണെങ്കില്‍ ധവാന്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലില്ല. അതിനാല്‍ സച്ചിനെ മറികടക്കാന്‍ സുവര്‍ണാവസരമാണ് രോഹിത്തിനും കോലിക്കുമുള്ളത്. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത് എന്നതില്‍ ഇവരില്‍ ഏറെ സാധ്യത ഓപ്പണറായ ഹിറ്റ്‌മാനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുന്നത്. ദുബായിയാണ് മത്സര വേദി. ടൂര്‍ണമെന്‍റില്‍ ഫോമിലേക്ക് കോലിക്ക് തിരിച്ചെത്തിയേ മതിയാകൂ. 2019 നവംബറിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിക്ക് സെഞ്ചുറി നേടാനായിട്ടില്ല. അതേസമയം ഫോമിന്‍റെ ഉന്നതിയിലല്ല രോഹിത് ശര്‍മ്മയും. എന്നാല്‍ രോഹിത്തും കോലിയും ഫോമിലേക്ക് മടങ്ങിയെത്തി ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം സമ്മാനിക്കും എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റതിന് പകരംവീട്ടുക എന്ന ലക്ഷ്യവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുണ്ട്. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

'അയാളോട് കിടപിടിക്കുന്ന മറ്റൊരു താരമില്ല ഇന്ത്യയില്‍'; കഴിഞ്ഞ ലോകകപ്പിലെ വലിയ നഷ്‌ടത്തെ കുറിച്ച് ശാസ്‌ത്രി

click me!