ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റിനായി ആരാധകരുടെ കൂട്ടപ്പൊരിച്ചില്‍, വെബ്സൈറ്റ് പണിമുടക്കി

By Gopalakrishnan CFirst Published Aug 15, 2022, 5:35 PM IST
Highlights

ടിക്കറ്റ് വില്‍പന 15ന് തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് 15ന് രാത്രി കൃത്യം 12 മണിക്ക് തന്നെ ഏതാണ്ട് ഏഴ് ലക്ഷത്തോളം പേരാണ് ടിക്കറ്റിനായി സൈറ്റിലെത്തിയത്. തിരക്ക് കുറക്കാനായി ക്യൂ സമ്പ്രദായവും വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നു. സൈറ്റ് ക്രാഷായതോടെ ആറ് മുതല്‍ 40 മിനിറ്റ് വരെ ഓണ്‍ലൈന്‍ ക്യൂവില്‍ കാത്തു നിന്നവര്‍ക്കുപോലും ടിക്കറ്റുകള്‍ ലഭിച്ചതുമില്ല.

ദുബായ്: ഈ മാസം 27ന് യുഎഇയില്‍ തുടക്കമാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങി. 27ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ 28ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ക്കായി ആരാധകര്‍ ഒരേസമയം കൂട്ടത്തോടെ ഇടിച്ചു കയറിയതോടെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പനക്കുള്ള വെബ്സൈറ്റ് ക്രാഷായി. ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭ്യമാക്കി platinumlist.net എന്ന വെബ്സൈറ്റാണ് ആരാധകരുട തള്ളിക്കയറ്റത്തില്‍ പണിമുടക്കിയത്.

ടിക്കറ്റ് വില്‍പന 15ന് തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് 15ന് രാത്രി കൃത്യം 12 മണിക്ക് തന്നെ ഏതാണ്ട് ഏഴ് ലക്ഷത്തോളം പേരാണ് ടിക്കറ്റിനായി സൈറ്റിലെത്തിയത്. തിരക്ക് കുറക്കാനായി ക്യൂ സമ്പ്രദായവും വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നു. സൈറ്റ് ക്രാഷായതോടെ ആറ് മുതല്‍ 40 മിനിറ്റ് വരെ ഓണ്‍ലൈന്‍ ക്യൂവില്‍ കാത്തു നിന്നവര്‍ക്കുപോലും ടിക്കറ്റുകള്‍ ലഭിച്ചതുമില്ല.

ദിനേശ് കാര്‍ത്തിക് ടീമില്‍ തന്‍റെ സ്ഥാനത്തിന് ഭീഷണിയാണോ? മറുപടിയുമായി റിഷഭ് പന്ത്

ഓണ്‍ലൈനായി ശ്രമിച്ചവര്‍ക്ക് ഇതുവരെ ടിക്കറ്റുകള്‍ ലഭിച്ചതായി അറിയിപ്പില്ല. ഇതിനിടെ പ്രധാനപ്പെട്ട മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ലഭിക്കാത്ത ആരാധകരില്‍ പലരും രോഷാകുലരായി സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീലങ്ക വേദിയാവേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് ലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യുഎഇയിലേക്ക് മാറ്റിയത്. ഇതിനെത്തുടര്‍ന്ന് മത്സരങ്ങളുടെ ഔദ്യോഗിക ടിക്കറ്റ് വില്‍പന വൈകിയതിനെതിരെയും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും.

ടിക്കറ്റുകള്‍ എവിടെ കിട്ടും

platinumlist.net എന്ന വെബ് സൈറ്റിലൂടെ ടിക്കറ്റുകള്‍ ലഭിക്കുക. മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലും ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടാകുമെങ്കിലും ഓണ്‍ലൈന്‍ വില്‍പനയില്‍ ബാക്കിവരുന്ന ടിക്കറ്റുകള്‍ മാത്രമെ കൗണ്ടറുകളിലൂടെ ലഭ്യമാകൂ എന്നാണ് സൂചന.

വിക്കറ്റെടുക്കാന്‍ അവന്‍ തന്നെ വേണം! ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുരുപ്പുചീട്ടിനെ കുറിച്ച് മുന്‍താരം

ഇന്ത്യ-പാക് പോരാട്ടം ദുബായിയില്‍

28ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാവുക. 25000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയം. 28-ഞായറാഴ്ച അവധി ദിനമായതിനാല്‍ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

കൊവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാകുമോ

യുഎഇ സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കാണികള്‍ക്ക് മത്സരദിവസം സ്റ്റേഡിയത്തിലേക്ക് പ്രവേശനം.

ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിനും ടിക്കറ്റില്ല

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലെഇന്ത്യ-പാക് പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പനക്ക് വെച്ച് മണിക്കൂറുകള്‍ കൊണ്ട് വിറ്റു തീര്‍ന്നിരുന്നു.  ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന ഏറ്റവും വലിയ സ്റ്റേഡിയമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) ആണ് ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം.

click me!