
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ട ദിനമാണിന്ന്. ടൂര്‍ണമെന്‍റില്‍ ഇത് രണ്ടാം തവണയാണ് അയല്‍ക്കാര്‍ മുഖാമുഖം വരുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാക് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം രോഹിത് ശര്‍മ്മയ്‌ക്കും കൂട്ടര്‍ക്കും ഒപ്പമായിരുന്നു. ഇന്നത്തെ ആവേശപ്പോരാട്ടത്തിന് മുമ്പ് പതിവുപോലെ ഇരു ടീമുകളുടേയും ബൗളിംഗ് താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനോടുള്ള ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണം വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിച്ചിരി പടര്‍ത്തി.
ഇന്ത്യ-പാക് ടീമുകളുടെ ബൗളിംഗ് ലൈനപ്പിനെ കുറിച്ചായിരുന്നു രാഹുല്‍ ദ്രാവിഡിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് അറിയേണ്ടിയിരുന്നത്. ഇതിനോട് ദ്രാവിഡിന്‍റെ മറുപടി ഇങ്ങനെ. 'പാകിസ്ഥാന്‍ മികച്ച ബൗളിംഗ് നിരയാണ്. ഞങ്ങളും മോശമല്ല, പാകിസ്ഥാനെ 147ല്‍ ചുരുട്ടിക്കെട്ടിയിരുന്നു. കണക്കുകള്‍ വ്യത്യസ്തമായിരിക്കാം. എന്തായാലും ബൗളിംഗ് വിശകലനം പ്രധാനമാണ്. നിങ്ങളുണ്ടാക്കിയ റിസല്‍റ്റുകളുടെ പേരിലാവും വിലയിരുത്തപ്പെടുക. ഞങ്ങളുടെ പേസര്‍മാരുടെ പ്രകടനം മികച്ചതാണ് എന്നാണ് വിലയിരുത്തല്‍. പാക് ബൗളിംഗിനെ ബഹുമാനിക്കുന്നു. മികച്ച ഫലമുണ്ടാക്കുന്ന ബൗളര്‍മാര്‍ നമുക്കുമുണ്ട് എന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഒരു വാക്ക് ഉപയോഗിക്കണമെന്നുണ്ട്, എന്‍റെ വായിലത് വരുന്നുണ്ട്. എന്നാല്‍ എനിക്കിവിടെ ഉപയോഗിക്കാന്‍ കഴിയില്ല'- ഇതായിരുന്നു ദ്രാവിഡിന്‍റെ പ്രതികരണം.
ഉടനെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമെത്തി. 'exuberant' എന്നാണോ ആ വാക്ക് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. 'ആ വാക്ക് അല്ല, അതിനേക്കാള്‍ ചെറുതാണ്, നാലക്ഷരം മാത്രമേയുള്ളൂ, എസ് എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നത്' എന്ന് ദ്രാവിഡ് പറഞ്ഞതോടെ മീഡിയ റൂം പൊട്ടിച്ചിരികളാല്‍ നിറഞ്ഞു.
ദുബായിൽ വൈകിട്ട് ഏഴരയ്ക്ക് ഏഷ്യ കപ്പിലെ സൂപ്പർ ഫോര്‍ പോരാട്ടത്തില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരും. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ചിരുന്നു. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. കെ എൽ രാഹുലിന്‍റെ മെല്ലപ്പോക്കും ഇന്ത്യക്ക് ആശങ്കയാണ്. ഇടംകൈയൻ ബാറ്റർക്ക് മുൻതൂക്കം നൽകിയാൽ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്ത് പ്ലേയിംഗ് ഇലവനിലെത്തും. ഏഷ്യാ കപ്പിൽ അവസാനം ഏറ്റുമുട്ടിയ നാല് കളിയിലും ജയം ഇന്ത്യക്കായിരുന്നു.
ഏഷ്യാ കപ്പില്‍ സൂപ്പര്‍ സണ്‍ഡേ; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-പാക് നാട്ടങ്കം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!