യുഎസ്എയ്‌ക്കെതിരെയുള്ള മത്സരത്തിന് മുൻപ് സഞ്ജുവിനെ ചേർത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകൾ ഐസിസി പങ്കുവെച്ച വീഡിയോയിലൂടെയാണ് പുറംലോകം അറിഞ്ഞത്. ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂർണമെന്‍റാണ്.

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെ, ലോകകപ്പിന്‍റെ തുടക്കത്തിൽ സഞ്ജുവിന് നല്‍കിയ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ നായകന്‍ രോഹിത് ശർമ്മ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ സഞ്ജു നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് രോഹിത് ആ വാക്കുകൾക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്.

ലോകകപ്പിന്‍റെ ആദ്യ മത്സരങ്ങളിൽ സഞ്ജു പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. യുഎസ്എയ്‌ക്കെതിരെയുള്ള മത്സരത്തിന് മുൻപ് സഞ്ജുവിനെ ചേർത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകൾ ഐസിസി പങ്കുവെച്ച വീഡിയോയിലൂടെയാണ് പുറംലോകം അറിഞ്ഞത്. ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂർണമെന്‍റാണ്. എപ്പോൾ വേണമെങ്കിലും അവസരം വരാം. നീ തയ്യാറായിരിക്കണം, എന്നായിരുന്നു രോഹിത് സഞ്ജുവിനെ ആലിംഗനം ചെയ്ത് പറഞ്ഞത്.

സഞ്ജുവിനോട് താൻ അത് പറയാൻ ഉണ്ടായ സാഹചര്യം രോഹിത് ഇപ്പോൾ വ്യക്തമാക്കി. ഒരു കളിക്കാരന്‍റെ മനസ് വായിക്കാൻ തനിക്ക് കഴിയുമെന്ന് രോഹിത് പറയുന്നു. ഒരു കളിക്കാരന്‍റെ മനസ് വായിക്കാൻ എനിക്കറിയാം. ഞാനും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ആളാണ് (2011 ഏകദിന ലോകകപ്പ് ടീമിൽ രോഹിത്തിന് ഇടം ലഭിച്ചിരുന്നില്ല). അത്തരം സമയങ്ങളിൽ നിരാശപ്പെടാതെ നമ്മുടെ നിയന്ത്രണതതിലുള്ള കാര്യങ്ങൾ ചെയ്യുക എന്നത് പ്രധാനമാണ്- രോഹിത് പറഞ്ഞു.

View post on Instagram

സഞ്ജു ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന സമയത്താണ് ലോകകപ്പിന് തൊട്ടുമുൻപ് പുറത്തിരിക്കേണ്ടി വന്നത്. അവനെ ഒന്ന് ആശ്വസിപ്പിക്കണമെന്നും നിനക്ക് അവസരം വരുമെന്ന് ഉറപ്പ് നൽകണമെന്നും എനിക്കുണ്ടായിരുന്നുവെന്നും രോഹിത് പറഞ്ഞു. രോഹിത്തിന്‍റെ പ്രവചനം പോലെ തന്നെ സഞ്ജുവിന് അവസരം ലഭിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ പുറത്താകാതെ 97 റൺസും, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 89 റൺസും നേടി സഞ്ജു ഇന്ത്യയെ ഫൈനലിലെത്തിച്ചു. നിലവിൽ 201.73 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന സഞ്ജു, 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരത്തിനായുള്ള പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക