
കാന്‍ഡി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്നലെ ബുധനാഴ്‌ച പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ തുടക്കമായെങ്കിലും ആരാധകരെല്ലാം കാത്തിരിക്കുന്നത് ഇന്ത്യ- പാക് ഗ്രൂപ്പ് പോരാട്ടത്തിനായാണ്. സെപ്റ്റംബര്‍ 2ന് കാന്‍ഡിയിലാണ് ഈ മത്സരം. എന്നാല്‍ ആവേശ മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയ നിരാശ നല്‍കുന്ന വാര്‍ത്തയാണ് കാന്‍ഡിയില്‍ നിന്ന് പുറത്തുവരുന്നത്. കാന്‍ഡിയിലെ കാലാവസ്ഥാ പ്രവചനം മത്സരത്തിന് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.
ശനിയാഴ്‌ച നടക്കേണ്ട ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടത്തിന് മുകളില്‍ മഴ മേഘങ്ങളുടെ ആശങ്ക മൂടുകയാണ്. മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കാന്‍ഡിയില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. കാന്‍ഡി ഉള്‍പ്പെടുന്ന സെന്‍ട്രല്‍ പ്രൊവിന്‍സില്‍ വെള്ളി, ശനി ദിവസങ്ങളില്‍ മഴ സാധ്യതയുണ്ട് എന്ന് ലങ്കന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്‌ച കാന്‍ഡിയില്‍ മഴയ്‌ക്ക് 70 ശതമാനം സാധ്യതയാണ് യുകെ ആസ്ഥാനമായുള്ള കാലാവസ്ഥാ ഏജന്‍സി പ്രവചിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് ഇന്ത്യ- പാക് മത്സരം ആരംഭിക്കേണ്ടത്. 2.30 മുതല്‍ മഴ പെയ്യാനുള്ള സാധ്യത മത്സരത്തെ സാരമായി ബാധിച്ചേക്കും. മാത്രമല്ല 5.30ഓടെ മാത്രമേ മഴ സാധ്യത 60 ശതമാനത്തിലേക്ക് കുറയുകയുമുള്ളൂ.
ഇന്ത്യ- പാക് ഗ്രൂപ്പ് മത്സരത്തിന് മഴ ഭീഷണിയുണ്ട് എങ്കിലും പിന്നീടും ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും എന്നാണ് പ്രതീക്ഷ. ഇന്ത്യയും പാകിസ്ഥാനു സൂപ്പര്‍ ഫോറിലും ഫൈനലിലും എത്തിയാല്‍ മൂന്ന് തവണ അയല്‍ക്കാരുടെ മത്സരം ആരാധകര്‍ക്ക് കാണാം. പരമ്പരകള്‍ നടക്കാത്തതിനാല്‍ ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ തമ്മില്‍ നിലവില്‍ ഏഷ്യാ കപ്പ്, ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമേ നേര്‍ക്കുനേര്‍ മത്സരിക്കുന്നുള്ളൂ. അതിനാലാണ് മത്സരം കാണാന്‍ ആരാധകര്‍ അത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!