Asianet News MalayalamAsianet News Malayalam

'റിസ്‌വാന്‍ എന്തുകൊണ്ട് അതിന് മുതിര്‍ന്നില്ല, ഹെല്‍മറ്റ് ഇല്ലാത്തതോ കാരണം, വിചിത്രം'; പൊരിച്ച് അശ്വിന്‍

വ്യക്തിഗത സ്കോര്‍ നാല്‍പതുകളില്‍ നില്‍ക്കേ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും പാകിസ്ഥാനെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് റിസ്‌വാന്‍ അലക്ഷ്യമായ ഓട്ടത്തിലൂടെ തന്‍റെ വിക്കറ്റ് വലിച്ചെറിഞ്ഞത്

Asia Cup 2023 PAK vs NEP Ravichandran Ashwin blast Mohammad Rizwan for poor run out jje
Author
First Published Aug 31, 2023, 11:02 AM IST

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നേപ്പാളിനെതിരെ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ പുറത്തായ രീതി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഓട്ടത്തിനിടെ എല്ലാ അലസതയും കാട്ടി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു റിസ്‌വാന്‍. വിചിത്രമായ റണ്ണൗട്ടില്‍ മുഹമ്മദ് റിസ്‌വാനെ വിമര്‍ശിച്ച് ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ രംഗത്തെത്തി. വിക്കറ്റിനിടയില്‍ ഓടുന്നതിനിടെ എപ്പോഴും ഡൈവ് ചെയ്യാറുള്ള റിസ്‌വാന്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നത് കൊണ്ടാണോ ഇവിടെ ക്രീസിലേക്ക് പറക്കാതിരുന്നത് എന്ന് അശ്വിന്‍ ചോദിച്ചു. സ്‌പിന്നിനെതിരെ ഏറെ സ്വീപ് ഷോട്ട് കളിക്കാറുള്ള താരം ഹെല്‍മറ്റ് ധരിക്കാതെ ബാറ്റ് ചെയ്യുന്നത് അതിലും വിചിത്രമായി തോന്നി എന്നും ട്വീറ്റ് ചെയ്‌തു. 

വ്യക്തിഗത സ്കോര്‍ നാല്‍പതുകളില്‍ നില്‍ക്കേ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും പാകിസ്ഥാനെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് റിസ്‌വാന്‍ അലക്ഷ്യമായ ഓട്ടത്തിലൂടെ തന്‍റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. നേപ്പാള്‍ താരം ദീപേന്ദ്ര സിംഗിന്‍റെ ത്രോ പ്രതീക്ഷിക്കാതിരുന്ന റിസ്‌വാന്‍ സാവധാനം ഓടിയപ്പോള്‍ ബെയ്‌ല്‍സ് ഇളകി. ക്രീസിലേക്ക് താരം ഡൈവ് ചെയ്യാന്‍ ശ്രമിച്ചുപോലുമില്ല. 50 പന്തില്‍ 6 സിക്‌സോടെ 44 റണ്‍സുമായി ആയിരുന്നു മുഹമ്മദ് റിസ്‌വാന്‍റെ മടക്കം. റിസ്‌വാന്‍ പുറത്തായ രീതിയില്‍ പാക് നായകന്‍ ബാബര്‍ അസം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മത്സരത്തിലെ കമന്‍റേറ്റര്‍മാര്‍ക്കും ഏറെ അവിശ്വസനീയമായി തോന്നി ഈ റണ്ണൗട്ട്. അര്‍ധസെഞ്ചുറി നേടുമെന്ന് റിസ്‌വാന്‍ ഏവരേയും തോന്നിപ്പിച്ച സമയത്തായിരുന്നു അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയല്‍. 

ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാൻ 238 റൺസിന് നേപ്പാളിനെ തകർത്തു. പാകിസ്ഥാന്‍റെ 342 റൺസ് പിന്തുടർന്ന നേപ്പാൾ ഇരുപത്തിനാലാം ഓവറിൽ 104 റൺസിന് പുറത്തായി. 28 റൺസെടുത്ത സോംപാൽ കോമിയാണ് ടോപ് സ്കോറർ. എട്ട് പേർ രണ്ടക്കം കണ്ടില്ല. ഷബാദ് ഖാൻ നാലും ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതവും നേടി. നേരത്തെ, ക്യാപ്റ്റൻ ബാബർ അസമിന്‍റെയും ഇഫ്‌തീഖർ അഹമ്മദിന്‍റേയും സെഞ്ചുറികളുടെ കരുത്തിലാണ് പാകിസ്ഥാൻ കൂറ്റൻ സ്കോ‌റിലെത്തിയത്. ബാബർ 131 പന്തില്‍ 151 റൺസെടുത്തപ്പോൾ ഇഫ്തീഖർ 71 പന്തിൽ 109 റൺസുമായി പുറത്താവാതെ നിന്നു. ഏകദിനത്തിൽ പാക് നായകന്റെ പത്തൊൻപതാം സെഞ്ചുറിയാണിത്. ഇതോടെ ഏറ്റവും വേഗത്തിൽ 19 സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോർഡ് ബാബർ സ്വന്തമാക്കി. 

Read more: സ്‌കൂള്‍ കുട്ടികള്‍ ഇതിലും നന്നായി നടക്കും, ഉഴപ്പിയോടി വിക്കറ്റ് തുലച്ച് റിസ്‌വാന്‍; കലിപ്പായി ബാബര്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios