
കൊളംബോ: മഴ ആവേശം കെടുത്തുമെന്ന ആശങ്കകള്‍ക്കിടെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ന് മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച് കൊളംബോയില്‍ ഇപ്പോള്‍ തെളിഞ്ഞ കാലാവസ്ഥയാാണ്. ഇന്ന് രാത്രിവരെ മഴക്ക് സാധ്യതയില്ലെന്നാണ് പ്രവചനമെങ്കിലും രാത്രിയോടെ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
മത്സരം മഴ മൂലം മുടങ്ങിയാല്‍ റിസര്‍വ് ദിനമായ നാളെ മത്സരം നിര്‍ത്തിയ സ്ഥലത്തുനിന്ന് വീണ്ടും തുടങ്ങും. രാത്രിയോടെ മാത്രമെ മഴ പെയ്യൂ എന്നാണ് പ്രവചനം എന്നതിനാല്‍ ടോസ് ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാകും. ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞടുക്കാനാണ് സാധ്യത. ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു ടോസ് ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പാക് പേസര്‍മാര്‍ പരീക്ഷിക്കുകയും ചെയ്തു. 66 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ഇഷാന്‍ കിഷന്‍റെയും അര്‍ധസെഞ്ചുറികളാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഉപദേശിക്കാൻ നിങ്ങളാരാ, ഇന്ത്യന്‍ സെലക്ടർമാരോ; വിദേശതാരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കറും ഹർഭജനും
ഇന്ന് ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. മഴപെയ്താല്‍ വിജയലക്ഷ്യം പുനര്‍ നിര്‍ണയിക്കുകയോ മത്സരം റിസര്‍വ് ദിനമായ നാളത്തേക്ക് നീളുകയോ ചെയ്താല്‍ വ്യക്തമായ ലക്ഷ്യത്തോടെ ബാറ്റ് ചെയ്യാനാവുമെന്നതിനാലാണിത്. കൊളംബോയിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പാക് പേസര്‍മാരെ നേരിടുകയെന്ന വെല്ലുവിളിയും ഇന്ത്യക്ക് മുന്നിലുണ്ട്.
പിച്ച് റിപ്പോര്‍ട്ട്
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ തുണക്കുന്നതാണ്. ശ്രീലങ്കയും ബംഗ്ലാദേശും ഇന്നതെ ഇതേ വേദിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 257 റണ്‍സെ നേടിയുള്ളൂവെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാനായിരുന്നു. ബംഗ്ലാദേശിനായും ലങ്കക്കായും പേസര്‍മാരാണ് കൂടുതല്‍ തിളങ്ങിയത്.