
പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ അഞ്ചോവറിനുള്ളില്‍ കൈവിട്ടത് മൂന്ന് ക്യാച്ചുകള്‍. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പ്ലേയിംഗ് ഇലവനിലെത്തി മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ക്യാച്ച് കൈവിട്ടു.
ഷമിയുടെ പന്തില്‍ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ഭുര്‍ടല്‍ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ കൈവിട്ടത് ശ്രേയസ് അയ്യരായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലും ഇന്ത്യ ക്യാച്ച് കൈവിട്ടു. ഇത്തവണ വിരാട് കോലിയായിരുന്നു വില്ലന്‍. സിറാജിന്‍റെ പന്തില്‍ കവറിലേക്ക് ഷോട്ട് കളിച്ച ആസിഫ് ഷെയ്ഖിന് പിഴച്ചു. ഉയര്‍ത്തിയടിച്ച പന്ത് കോലിക്ക് അനായാസം കൈയിലൊതുക്കാമായിരുന്നെങ്കിലും കോലി ക്യാച്ച് നിലത്തിടുന്നത് കണ്ട് ആരാധകര്‍ക്ക് പോലും വിശ്വസിക്കാനായില്ല.
മുഹമ്മദ് ഷമിയെറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു ഇന്ത്യ അടുത്ത ക്യാച്ച് കൈവിട്ടത്. ഇത്തവണ വില്ലനായതാകട്ടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും. ഷമിയുടെ ഷോട്ട് പിച്ച് പന്തില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഭുര്‍ട്ടെലിനെ വിക്കറ്റിന് പിന്നില്‍ കിഷന്‍ കൈവിട്ടു. തുടര്‍ച്ചയായി ജീവന്‍ കിട്ടിയതോടെ പേടിയില്ലാതെ തകര്‍ത്തടിച്ച നേപ്പാള്‍ ഓപ്പണര്‍മാര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ ആറാം ഓവറില്‍ സിക്സും ബൗണ്ടറിയും നേടി കരുത്തു കാട്ടി.
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇന്ത്യന്‍ പേസര്‍മാര അതിജീവിക്കാന്‍ നേപ്പാള്‍ പാടുപെടുമെന്ന് കരുതിയെങ്കിലും ആറോവറില്‍ 33 റണ്‍സടിച്ച കുശാല്‍ ഭുര്‍ട്ടലും ആസിഷ് ഷെയ്ഖും ചേര്‍ന്ന് നേപ്പാളിന് മികച്ച തുടക്കമാണ് നല്‍കിയത്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
നേപ്പാൾ (പ്ലേയിംഗ് ഇലവൻ): കുശാൽ ബുർടെൽ, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡൽ, ഭീം ഷാർക്കി, സോംപാൽ കാമി, ഗുൽസൻ ഝാ, ദിപേന്ദ്ര സിംഗ് ഐറി, കുശാൽ മല്ല, സന്ദീപ് ലാമിച്ചാനെ, കരൺ കെസി, ലളിത് രാജ്ബൻഷി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക