
കൊളംബോ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്ത. കുഞ്ഞ് ജനിച്ചതിനാല്‍ ഏഷ്യാ കപ്പിനിടെ നാട്ടിലേക്ക് മടങ്ങിയ പേസര്‍ ജസ്പ്രീത് ബുമ്ര കൊളംബോയില്‍ ഇന്ത്യന്‍ ടീമിനൊപ്പം തിരിച്ചെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയ ബുമ്രക്ക് നേപ്പാളിനെതിരായ രണ്ടാം മത്സരം നഷ്ടമായിരുന്നു. ബുമ്രക്ക് പകരം മുഹമ്മദ് ഷമിയാണ് ഇന്ത്യക്കായി നേപ്പാളിനെതിരെ അന്തിമ ഇലവനില്‍ കളിച്ചത്. ബുമ്ര തിരിച്ചെത്തുന്നതോടെ ഞായറാഴ്ച പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ പേസ് നിരക്ക് കരുത്തുകൂടും.
പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഇതുവരെ ഏകദിന ക്രിക്കറ്റില്‍ പന്തെറിഞ്ഞിട്ടില്ലാത്ത ബുമ്രക്ക് ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പില്‍ കായികക്ഷമത തെളിയിക്കേണ്ടത് നിര്‍ണായകമാണ്. കഴിഞ്ഞ മാസം നടന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകനായി തിരിച്ചെത്തിയ ബുമ്ര കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുശേഷം പരിക്കേറ്റ ബുമ്ര പിന്നീട് ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്കേറ്റതോടെ ടി20 ലോകകപ്പ് നഷ്ടമായി.
പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായ ബുമ്രക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ ഇന്ത്യന്‍ പേസാക്രമണത്തെ നയിക്കേണ്ടത് ബുമ്രയാണ്. അതിന് മുമ്പ് എഷ്യാ കപ്പില്‍ കളിച്ച് ഫോമും കായിക്ഷമതയും തെളിയിക്കാനാണ് ബുമ്ര ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പാക് ഇന്നിംഗ്സ് തുടങ്ങാന്‍ പോലുമാകാതെ മഴ മൂലം കളി ഉപേക്ഷിച്ചതിനാല്‍ ബുമ്രക്ക് പന്തെറിയാനായിരുന്നില്ല. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും ഇന്ത്യക്ക് മത്സരങ്ങളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക