
ദില്ലി: ഏഷ്യാ കപ്പ് മത്സരങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെ ഇന്ത്യ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ടൂര്‍ണമെന്റ് ഇന്ത്യയിൽ നടത്തുന്നത് സാമ്പത്തികമായി വലിയ വെല്ലുവിളി നേരിടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) തലപ്പത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ മേധാവിയായ മൊഹ്സിൻ നഖ്വിയായതിനാൽ ഏഷ്യാ കപ്പിൽ നിന്ന് പാകിസ്ഥാനെ ഒഴിവാക്കാനാകില്ല. ഇതോടെയാണ് ടൂര്‍ണമെന്റിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ബിസിസിഐ പരിഗണിക്കുന്നത്. ഇന്ത്യ അത്തരമൊരു തീരുമാനമെടുത്താൽ അത് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന് വലിയ തലവേദനയായി മാറിമെന്ന് ഉറപ്പാണ്.
ഇന്ത്യയില്ലാത്ത ഏഷ്യാ കപ്പിനെ കുറിച്ച് എസിസിയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല. കാരണം, ടൂര്‍ണമെന്റ് ഇന്ത്യയിൽ നടക്കേണ്ടതിനാൽ സ്പോൺസര്‍മാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യ പിന്മാറുകയാണെങ്കിൽ അത് സ്പോൺസര്‍മാരുടെ പിന്മാറ്റത്തിലേയ്ക്ക് നയിച്ചേക്കാമെന്ന് മാത്രമല്ല, പുതിയ സ്പോൺസര്‍മാരെ കണ്ടെത്തുന്നതിൽ പ്രതിസന്ധിയുണ്ടാകുകയും ചെയ്യും. ഏഷ്യാ കപ്പിൽ ഇന്ത്യ മത്സരിക്കുന്നില്ലെങ്കിൽ എക്കാലത്തും വലിയ ആവേശമുള്ള ഇന്ത്യ - പാകിസ്ഥാൻ മത്സരവും ഇക്കുറി നടക്കില്ല. ഏഷ്യാ ക്രിക്കറ്റ് കൗണ്‍സിലിന് വലിയ വരുമാനമാണ് ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളിലൂടെ ലഭിക്കുന്നത്. മാത്രമല്ല, ഇന്ത്യയില്ലാത്ത ടൂര്‍ണമെന്റ് പരാജയമായാൽ അത് മൊത്തത്തിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും. മൊഹ്സിൻ നഖ്വിയ്ക്ക് മുന്നിൽ ആകെയുള്ള ഒരേയൊരു ഓപ്ഷൻ ഇന്ത്യയ്ക്ക് പകരം മറ്റൊരു ഏഷ്യൻ ടീമിനെ ഉൾപ്പെടുത്തുകയെന്നതാണ്. അങ്ങനെ ചെയ്താൽ പോലും അവസ്ഥയിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാണ്.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള എല്ലാവിധ സഹകരണവും ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്. ഐസിസി, എസിസി ടൂര്‍ണമെന്റുകളിൽ മാത്രമാണ് നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇനി ഐസിസി, എസിസി ടൂര്‍ണമെന്റുകളിലും പാകിസ്ഥാനുമായി മത്സരിക്കാൻ തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 2012-13ലാണ് അവസാനമായി ഇന്ത്യ - പാകിസ്ഥാൻ ദ്വിരാഷ്ട്ര പരമ്പര നടന്നത്. ഇതിന് ശേഷം ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്. ഇന്ത്യയുടെ നിസ്സഹകരണം ലോക ക്രിക്കറ്റിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്ന രീതിയിലേയ്ക്ക് പോലും കാര്യങ്ങളെ കൊണ്ടെത്തിച്ചേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.