
കാബൂള്‍: ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയോട് തോറ്റത് മതിമറന്ന് ആഘോഷിച്ച് അഫ്ഗാനിസ്ഥാനിലെ ആരാധകര്‍. ഇന്നലെ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ 23 റണ്‍സിന് കീഴടക്കിയാണ് ശ്രീലങ്ക ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്.
കിരീടപ്പോരിന് ഇറങ്ങുമ്പോള്‍ അഫ്ഗാന്‍ ജനതയുടെ മുഴുവന്‍ പിന്തുണയും ശ്രീലങ്കക്കായിരുന്നു. കാരണം സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ കൈയിലെത്തിയ ജയം അഫ്ഗാന്‍ അവസാന ഓവറില്‍ കൈവിടുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടമായി അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി വാലറ്റക്കാരന്‍ നസീം ഷാ അഫ്ഗാന്‍ പേസര്‍ ഫസലൂള്ള ഫാറൂഖിയെറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും സിക്സിന് പറത്തി അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
അതിന് തൊട്ടുമുമ്പ് പാക് താരം ആസിഫ് അലിയും അഫ്ഗാന്‍ പേസര്‍ ഫദീഗ് അഹമ്മദും തമ്മില്‍ കൈയാങ്കളിയുടെ വക്കത്ത് എത്തിയിരുന്നു. ഫരീദിന്‍റെ പന്തില്‍ പുറത്തായി ആസിഫ് മടങ്ങുമ്പോള്‍ പുറകെ ചെന്ന് പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് ആസിഫ് ബാറ്റെടുത്ത് അടിക്കാന്‍ ഓങ്ങി. കളിക്കാരും അമ്പയര്‍മാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് അവസാന ഓവറിലെ രണ്ട് അവിശ്വസനീയ സിക്സറില്‍ ജയിച്ചശേഷം പാക്കിസ്ഥാന്‍ താരങ്ങള്‍ ലോകകപ്പ് ജയിച്ച സന്തോഷത്തിലാണ് വിജയം ആഘോഷിച്ചത്. മുന്‍ പാക് താരങ്ങള്‍ അഫ്ഗാന്‍ താരങ്ങളുടെ കളിക്കളത്തിലെ പെരുമാറ്റത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് ഫൈനലില്‍ അഫ്ഗാന്‍ ആരാധകരുടെ മുഴുവന്‍ പിന്തുണയും ശ്രീലങ്കക്കായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനോട് മാത്രമായിരുന്നു തോറ്റത്. ചാമ്പ്യന്‍മാരെ തങ്ങള്‍ ഒരുവട്ടമെങ്കിലും തോല്‍പ്പിച്ചുവെന്നും എന്നാല്‍ പാക്കിസ്ഥാന്‍ രണ്ടു തവണയും അടിയറവു് പറഞ്ഞുവെന്നും അഫ്ഗാന്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഭാനുക രജപക്സെയുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ 170 റണ്‍സടിച്ചത്. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 147 റണ്‍സിന് പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!