
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് 184 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മെഹ്ദി ഹസന്‍, ആഫിഫ് ഹൊസൈന്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. 22 പന്തില്‍ 39 റണ്‍സെടുത്ത ആഫിഫ് ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ശ്രീലങ്കക്കായി ഹസരങ്കയും കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴത്തി. അവസാന മൂന്നോവറില്‍ മൊദാസെക് ഹൊസൈന്‍റെ വെടിക്കെട്ടില്‍ 36 റണ്‍സടിച്ചാണ് ബംഗ്ലാദേശ് മികച്ച സ്കോര്‍ ഉറപ്പാക്കിയത്.
തുടക്കം പതറി പിന്നെ അടിച്ചുപൊളിച്ചു
ടോസിലെ നഷ്ടത്തിന് പിന്നാലെ ബംഗ്ലാദേശിന് ഓപ്പണര്‍ സാബിര്‍ റഹ്മാനെയും അധികം വൈകാതെ നഷ്ടമായി. അഞ്ച് റണ്‍സെടുത്ത റഹ്മാനെ അസിത ഫെര്‍ണാണ്ടോ മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസനും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി. ഷാക്കിബിനെ(22 പന്തില്‍ 24) മടക്കി തീക്ഷണയും മുഷ്ഫിഖുറിനെ(4) കരുണരത്നെയും മടക്കിയതോടെ 63-3ലേക്ക് വീണെങ്കിലും ആഫിഫ് ഹൊസൈനും മെഹ്ദിയും ചേര്‍ന്ന് ബംഗ്ലാദേശിനെ നയിച്ചു.
ടീം സ്കോര്‍ 87ല്‍ നില്‍ക്കെ മെഹ്ദിയെ(26 പന്തില്‍ 38) ഹസരങ്ക വീഴ്ത്തിയെങ്കിലും ബഗ്ലാദേശ് തളര്‍ന്നില്ല. മഹ്മദുള്ളയും(22 പന്തില്‍ 27) ആഫിഫും ചേര്‍ന്ന് ബംഗ്ലാദേശിനെ 144 റണ്‍സിലെത്തിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ ഇരുവരെയും പെട്ടെന്ന് നഷ്ടമായത് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കുമെന്ന് കരുതിയെങ്കിലും മൊസാദെക് ഹൊസൈന്‍റെ വെടിക്കെട്ട് ബംഗ്ലാദശിന് തുണയായി.
9 പന്തില്‍ നാലു ബൗണ്ടറി സഹിതം മൊസാദെക് 24 റണ്‍സുമായി പുറത്താകാതെ നിന്നു. ആഫിഫ് 22 പന്തില്‍ 39 ഉം മെഹമ്മദുള്ള 22 പന്തില്‍ 27 ഉം റണ്‍സെടുത്ത് ബംഗ്ലാദേശ് സ്കോറില്‍ നിര്‍ണായക സംഭാവന നല്‍കി. ശ്രീലങ്കക്കായി നാലോവറില്‍ 41 റണ്‍സ് വഴങ്ങി ഹസരങ്കയും നാലോവറില്‍ 32 റണ്‍സ് വഴങ്ങി കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ആദ് മത്സരങ്ങളില്‍ ഇരു ടീമും അഫ്ഗാനിസ്ഥാനോട് തോറ്റതിനാല്‍ ഇന്ന് ജയിക്കുന്നവരായിരിക്കും ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!