
ദുബായ്: 25 വയസ്സുള്ള രണ്ട് താരങ്ങളായിരിക്കും ഏഷ്യാകപ്പ് ഫൈനലിന്‍റെ ഗതി നിശ്ചയിക്കുക. ഇന്ത്യയുടെ അഭിഷേക് ശർമ്മയും പാകിസ്ഥാന്‍റെ ഷഹീൻ ഷാ അഫ്രീദിയും. ഏഷ്യാകപ്പിലെ അപരാജിത കുതിപ്പിൽ ഇന്ത്യ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അഭിഷേക് ശർമ്മയോട്. നേരിടുന്ന ആദ്യപന്തുതന്നെ അതിർത്തികടത്തുന്ന അഭിഷേക് ഇന്ത്യക്ക് നൽകുന്നത് വെടിക്കെട്ട് തുടക്കം. പവർപ്ലേയിൽ ബൗളർമാരെ ദയാരഹിതമായി തച്ചുതകർക്കുന്ന അഭിഷേകാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ.
തുടർച്ചയായ മൂന്ന് അർധസെഞ്ച്വറിയടക്കം 309 റൺസ്. അഭിഷേക് പത്തോവറെങ്കിലും ബാറ്റ് ചെയ്താൽ സ്കോർബോർഡ് പറപറക്കുമെന്നുറപ്പ്. പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 31 റൺസെടുത്ത അഭിഷേക് സൂപ്പർ ഫോറിൽ 74 റൺസുമെടുത്തു. ഒമാനെതിരെ 38. ബംഗ്ലാദേശിനെതിരെ 75. ശ്രീലങ്കയ്ക്കെതിരെ 61 എന്നിങ്ങനെയാണ് അഭിഷേകിന്‍റെ മറ്റ് സ്കോറുകൾ.
ഷഹീനിൽനിന്ന് പാക് ക്യാന്പ് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതുപോലൊരു ബൗളിംഗ് മികവ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്താൻ അഫ്രീദിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും മൂന്ന് വിക്കറ്റ് വീതം നേടി ഫോം വീണ്ടെടുത്താണ് അഫ്രീദി ഫൈനലിൽ പന്തെറിയാൻ എത്തുന്നത്. അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലിനെ അഭിഷേകും ഗില്ലും എങ്ങനെ കൈകാര്യം ചെയ്യുന്നതായിരിക്കും ഫൈനലിന്‍റെ ഗതി നിര്‍ണയിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക