
ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് 58 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് ഇന്ത്യൻ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണറായി ഇറങ്ങി 17 പന്തില്‍ 22 റണ്‍സെടുത്ത മലയാളി താരം അലിഷാന്‍ ഷറഫു ആണ് യുഎഇയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 പന്തില്‍ 19 റണ്‍സെടുത്തു. ഇരുവരും മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതമെടുത്തു. വിക്കറ്റിന് പിന്നില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി മലയാളി താരം സഞ്ജു സാംസണും തിളങ്ങി.
പവറോടെ പവര്‍ പ്ലേ പിന്നാലെ കറങ്ങി വീണു
ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമാണ് ഷറഫു യുഎഇക്ക് നല്‍കിയത്. ഹാര്‍ദ്ദിക്കിന്‍റെ നാലാം പന്തിലും അഞ്ചാം പന്തിലും ഷറഫു ബൗണ്ടറി നേടി. ജസ്പ്രീത് ബുമ്രയെറിഞ്ഞ പവര്‍പ്ലേയിലെ രണ്ടാം ഓവറില്‍ ബൗണ്ടറി നേടിയ ഷറഫു യുഎഇയെ 16 റണ്‍സിലെത്തിച്ചു. മൂന്നാം ഓവര്‍ എറിയാനെത്തിയ അക്സര്‍ പട്ടേലിനെ സിക്സിന് പറത്തി ഷറഫു ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ നാലാം ഓവറില്‍ മനോഹരമായൊരു യോര്‍ക്കറിലൂടെ മലയാളിതാരത്തിന്‍റെ ഓഫ് സ്റ്റംപിളക്കി ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 17 പന്തില്‍ 22 റണ്‍സാണ് ഷറഫു നേടിയത്.
അഞ്ചാം ഓവറില്‍ മുഹമ്മദ് സൊഹൈബിനെ കുല്‍ദീപിന്‍റെ കൈകളിലെത്തിച്ച വരുണ്‍ ചക്രവര്‍ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചെങ്കിലും ബുമ്ര എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറി നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് വാസീം യുഎഇയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാല്‍ സ്കോര്‍ 50 കടക്കും മുമ്പ് ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ചോപ്രയെ മടക്കിയ കുല്‍ദീപ് നാലം പന്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അവസാന പന്തില്‍ ഹര്‍ഷിത് കൗശിക്കിനെ ബൗള്‍ഡാക്കിയ കുല്‍ദീപ് യുഎഇയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.
പിന്നീട് ശിവം ദുബെയുടെ ഊഴമായിരുന്നു. ആസിഫ് ഖാന്‍, ജുനൈദ് സിദ്ദിഖി, ധ്രുവ് പരാശര്‍ എന്നിവരെ ശിവം ദുബെ മടക്കിയപ്പോള്‍ സിമ്രൻജീത് സിംഗിനെ അക്സര്‍ വീഴഅത്തി. പവര്‍ പ്ലേയില്‍ മൂന്നോവര്‍ എറിഞ്ഞ ബുമ്ര 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടത്തപ്പോള്‍ കുല്‍ദീപ് 2.1 ഏഴ് റണ്‍സിന് നാലു വിക്കറ്റെടുത്തു. രണ്ടോവര്‍ എറിഞ്ഞ ശിവം ദുബെ നാലു റണ്‍സിനാണ് 3 വിക്കറ്റെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക