ഏഷ്യാ കപ്പിലെ ജീവന്‍മരണപ്പോരില്‍ അടിതെറ്റി പാകിസ്ഥാൻ, ബംഗ്ലാദേശിന് കുഞ്ഞൻ വിജയലക്ഷ്യം

Published : Sep 25, 2025, 10:02 PM IST
Saim Ayub

Synopsis

ഏഷ്യാ കപ്പ് ഫൈനൽ ലക്ഷ്യമിട്ടുള്ള നിർണായക മത്സരത്തിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെതിരെ 20 ഓവറിൽ 8 വിക്കറ്റിന് 135 റൺസെടുത്തു. മുൻനിര തകർന്നപ്പോൾ 31 റൺസെടുത്ത മുഹമ്മദ് ഹാരിസാണ് പാകിസ്ഥാൻറെ ടോപ് സ്കോറർ. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ദുബായ്: ഏഷ്യാ കപ്പിലെ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കാനുള്ള ജീവന്‍ മരണ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് കുഞ്ഞൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ 23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മ ഹാരിസാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. മുഹമ്മദ് നവാസ് 15 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ ഷഹീന്‍ അഫ്രീദിയും ക്യാപറ്റൻ സല്‍മാന്‍ ആഗയും 19 റണ്‍സ് വീതമെടുത്തു. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് മൂന്നും മെഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ പാകിസ്ഥാൻ 100 പോലും കടക്കില്ലായിരുന്നു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാനെ ഞെട്ടിച്ചാണ് ബംഗ്ലാദേശ് തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനെ(4) ടസ്കിന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ രണ്ടാം ഓവറില്‍ സയ്യീം അയൂബ്(0) ഒരിക്കല്‍ കൂടി പൂജ്യനായി മടങ്ങി. തകർത്തടിക്കുമെന്ന് കരുതിയ ഫഖര്‍ സമന്‍(20 പന്തില്‍ 13)കൂടി നിരാശപ്പെടുത്തി. പിന്നാലെ ഹുസൈന്‍ തലാത്തും(3) വീണതോടെ 33-4ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാന്‍ പ്രതിസന്ധിയിലായി. ക്യാപ്റ്റൻ സല്‍മാന്‍ ആഘയും(19) മുഹമ്മദ് ഹാരിസും ചേര്‍ന്ന് പൊരുതുമെന്ന് കരുതിയെങ്കിലും സ്കോര്‍ 50 കടക്കും മുമ്പ് സല്‍മാന്‍ ആഘയും മടങ്ങിയതോടെ പാകിസ്ഥാൻ 49-5ലേക്ക് കൂപ്പുകുത്തി.

പിന്നീട് ഷഹീന്‍ അഫ്രീദിയും ഹാരിസും ചേര്‍ന്ന് പാകിസ്ഥാന് ചെറിയ പ്രതീക്ഷ നല്‍കി.19 റണ്‍സെടുത്ത അഫ്രീദിയെ ടസ്കിന്‍ മടക്കിയെങ്കിലും മുഹമ്മദ് നവാസിനെ കൂട്ടുപിടിച്ച് ഹാരിസ് പാകിസ്ഥാനെ 100 കടത്തി വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. വാലറ്റത്ത് ഫഹീം അഷ്റഫും(14), ഹാരിസ് റൗഫും(4) ചേര്‍ന്ന് പാകിസ്ഥാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ്28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റിഷാദ് ഹൊസൈന്‍ 18 റണ്‍സിനും മെഹ്ദി ഹസന്‍ 28 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ‌‌ഞായറാഴ്ച നടക്കുന്ന കിരീടപ്പോരില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും. തോല്‍ക്കുന്ന ടീം പുറത്താവും.ഇന്നലെ ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തിയാണ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍