
ദുബായ്: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ പാക്കിസ്ഥാന്‍-ഹോങ്കോങ് പോരാട്ടത്തോടെ അവസാനിച്ചിരിക്കുന്നു. ഇനി വരാനിരിക്കുന്നത് സൂപ്പര്‍ ഫോറിലെ തീ പാറും പോരാട്ടങ്ങള്‍. അതിന് തുടക്കമിടുന്നതോ ഞായറാഴ്ച നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിലൂടെയും.
ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പോയത് രണ്ട് ടീമുകളാണ്. അസോസിയേറ്റ് ടീമായ ഹോങ്കോങും പിന്നലെ ബംഗ്ലാദേശും. ഹോങ്കോങിന് ഇന്ത്യക്കെതിരെ പുറത്തെടുത്ത പോരാട്ട വീര്യം ഓര്‍മിക്കാനുണ്ടാകും. പക്ഷെ അപ്പോഴും പാക്കിസ്ഥാനെതിരെ നാണം കെട്ടത് മറക്കാനുമാവില്ല. എന്നാല്‍ ബംഗ്ലാ കടുവകളാകട്ടെ അഫ്ഗാനെതിരെ നാണം കെട്ടു. ശ്രീലങ്കക്കെതിരെ കൈപ്പിടിയിലിരുന്ന വിജയം അവസാന ഓവറുകളില്ർ ലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കൈവിട്ടു.
സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്കുശേഷം കഴിഞ്ഞ ആഴ്ച ആദ്യമായി നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ ഇന്ത്യയാണ് ജയിച്ചു കയറിയത്. ഇതിന് പകരം വീട്ടാനാവും സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്‍റെ ലക്ഷ്യം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരു ടീമും ഫൈനലിലെത്തിയാല്‍ ടി20 ലോകകപ്പിന് മുമ്പ് തന്നെ മൂന്ന് തവണ ഇന്ത്യ-പാക് പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകും. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ട്. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.
സെപ്റ്റംബര്‍-4 ഞായറാഴ്ച-ഇന്ത്യ-പാക്കിസ്ഥാന്‍
സെപ്റ്റംബര്‍-6 ചൊവ്വാഴ്ച, ഇന്ത്യ-ശ്രീലങ്ക
സെപ്റ്റംബര്‍-8 വ്യാഴാഴ്ച, ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍
സെപ്റ്റംബര്‍-7 ബുധനാഴ്ച, പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍-3 ശനിയാഴ്ച, ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍-9 വെള്ളിയാഴ്ച, പാക്കിസ്ഥാന്‍-ശ്രീലങ്ക
ഫൈനല്‍-സെപ്റ്റംബര്‍ 11ന്, ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ തമ്മില്‍
സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക പോരാട്ടം ഷാര്‍ജയിലാണ്. ബാക്കിയെല്ലാ മത്സരങ്ങളും ദുബായില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരങ്ങള്‍ ആരംഭിക്കും.