
കൊളംബോ: അടുത്ത മാസം ശ്രീലങ്കയില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്(Asia Cup 2022) യുഎഇ വേദിയാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഈ സമയത്ത് മഴയില്ലാത്ത ഏക സ്ഥലമെന്ന നിലയില്‍ യുഎഇ തന്നെയാണ് ടൂര്‍ണമെന്‍റിന് വേദിയാവാന്‍ ഏറ്റവും അനുയോജ്യമെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഏഷ്യാ കപ്പിന് വേദിയാവാനുള്ള സാഹചര്യമില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ മൂലം(Sri Lanka Crisis) ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്നായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്.
ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്ക പിന്‍മാറിയത്. ശ്രീലങ്ക പിന്‍മാറിയതോടെയാണ് ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി നടത്തുന്ന ഏഷ്യാകപ്പിന് വേദിയാവാന്‍ യുഎഇക്ക് വഴിതുറന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യുഎഇയെ വേദിയായി വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും, മത്സരം സെപ്റ്റംബറില്‍
അടുത്ത മാസം 27ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരിക്കുന്നത്. ഓഗസറ്റ് 28നായിരുന്നു ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനു് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകുമിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുക.
ഏഷ്യാകപ്പിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ദുബായില്‍ 2018ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!