'ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം'; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്

Published : Sep 29, 2025, 04:40 AM ISTUpdated : Sep 29, 2025, 04:49 AM IST
 Asia Cup trophy controversy

Synopsis

പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണിത്. ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫുമാണ് യഥാർത്ഥ ട്രോഫിയെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞു

ദുബൈ: ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങിൽ വച്ച് ഇന്ത്യയ്ക്ക് നൽകിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ്‌ കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഇന്ത്യൻ ടീം ട്രോഫി അർഹിച്ചിരുന്നു. അതേസമയം യഥാർത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാർ യാദവ് പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാച്ച് ഫീ ഇന്ത്യൻ സേനയ്ക്ക് നൽകുമെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി.

സൂര്യകുമാർ യാദവ് പറഞ്ഞത്…

"ഇത്രയും കാലം ക്രിക്കറ്റ് കളിച്ചിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, അത് കഠിനാധ്വാനം ചെയ്ത് നേടിയതാണ്. അത് എളുപ്പമായിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ ഞങ്ങൾ രണ്ട് ശക്തമായ മത്സരങ്ങൾ കളിച്ചു. ഞങ്ങൾക്ക് അർഹതപ്പെട്ടതാണത്. ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫുമാണ് യഥാർത്ഥ ട്രോഫികൾ. ഈ ഏഷ്യാ കപ്പ് യാത്രയിലുടനീളം ഞാൻ അവരുടെ ആരാധകനാണ്. അതാണ് ഞാൻ തിരികെ കൊണ്ടുപോകുന്ന ശരിക്കുള്ള ഓർമ്മകൾ. അവ എന്നോടൊപ്പം എന്നെന്നേക്കുമായി നിലനിൽക്കും."- സൂര്യകുമാർ യാദവ് പറഞ്ഞു.

ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാൻ ആശയക്കുഴപ്പം കാരണം ഒരു മണിക്കൂർ വൈകിയിരുന്നു. ചടങ്ങ് തുടങ്ങിയപ്പോൾ ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ വേദിയിൽ എത്തിയില്ല. മൊഹ്‌സിൻ നഖ്‌വിയാണ് ട്രോഫി നൽകുന്നതെങ്കിൽ സ്വീകരിക്കാൻ ഇന്ത്യൻ ടീം എത്തിയേക്കില്ല എന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സമ്മാനദാന ചടങ്ങിലേക്ക് പോകുന്നതിനുമുമ്പ്, വിജയികൾക്കുള്ള ട്രോഫി ആരാണ് സമ്മാനിക്കുക എന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ (എസിസി) ഉദ്യോഗസ്ഥരോട് ചോദിച്ചതായി റിപ്പോർട്ടുണ്ട്.

നഖ്‌വി വേദിയിലെത്തിയപ്പോൾ, ഇന്ത്യൻ ടീമിന്‍റെ നിലപാട് എസിസി അദ്ദേഹത്തെ അറിയിച്ചു. അതിനിടെ സംഘാടക സമിതിയിൽ നിന്ന് ആരോ ട്രോഫി മൈതാനത്ത് നിന്ന് നീക്കി. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കിയിരുന്നുവെന്നും എന്നാൽ ആ ആവശ്യം നഖ്‌വി നിഷേധിച്ചെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഇന്ത്യൻ ടീം വേദിയിൽ എത്തുകയും ഡ്യൂപ്ലിക്കേറ്റ് ട്രോഫി ഉപയോഗിച്ച് വിജയം ആഘോഷിക്കുകയും ചെയ്തു. താൻ കളിച്ച എല്ലാ മത്സരങ്ങളുടെയും മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് സമർപ്പിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഇന്ത്യൻ വിജയഗാഥ

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. തിലക് വർമ്മയുടെ (69) തകർപ്പൻ അർദ്ധ സെഞ്ചുറിയും കുൽദീപ് യാദവിൻ്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ തകര്‍ത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (53 പന്തില്‍ 69) പോരാട്ടമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ് സമ്മാനിച്ചത്. ശിവം ദുബെയുടെ (22 പന്തില്‍ 33) പ്രകടനം നിര്‍ണായകമായി. സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.

അവസാന രണ്ട് ഓവറില്‍ 17 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാക് പേസര്‍ ഫഹീം അഷ്‌റഫിന്റെ ആദ്യ പന്തില്‍ തിലക് സിംഗിളെടുത്തു. രണ്ടാം പന്തില്‍ ദുബെയും ഒരു റണ്‍ ഓടിയെടുത്തു. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്ത് ദുബെ ബൗണ്ടറിയിലേക്ക് പായിച്ചു, ഫോര്‍. അഞ്ചാം പന്തില്‍ റണ്ണില്ല. അവസാന പന്തില്‍ ദുബെ പുറത്ത്. ലോംഗ് ഓഫില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച്. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തിയത് റിങ്കു സിംഗ്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തില്‍ തിലക് രണ്ട് റണ്‍ ഓടിയെടുത്തു. രണ്ടാം പന്തില്‍ സിക്‌സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് നേരിട്ട റിങ്കു സിംഗ് ബൗണ്ടറി നേടി വിജയമാഘോഷിച്ചു. റിങ്കു സിംഗ് (4), തിലകിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. ഫഹീമിന്റെ പന്തില്‍ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. മൂന്നാം ഓവറില്‍ സൂര്യകുമാറും മടങ്ങി. അഫ്രീദിയുടെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗ ക്യാച്ചെടുത്തു. നാലാം ഓവറിന്റെ അവസാന പന്തില്‍ ഗില്ലും മടങ്ങി. ഇത്തവണ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച്. ഇതോടെ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ. പിന്നീട് സഞ്ജു - തിലക് സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തില്‍ സഞ്ജു കൂറ്റനടികള്‍ക്ക് ശ്രമിച്ചു. അബ്രാര്‍ അഹമ്മദിനെതിരെ അത്തരമൊരു ഷോട്ടിന് ശ്രമിക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. ഫര്‍ഹാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതോടെ 12.2 ഓവറില്‍ നാലിന് 77 എന്ന നിലയിലായി ഇന്ത്യ. ശേഷം ദുബെ ക്രീസിലെത്തിയതോടെ കളി മാറി. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം തിലകിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

PREV
Read more Articles on
click me!

Recommended Stories

രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ
ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി