ഓപ്പണര്‍മാര്‍ വട്ടപ്പൂജ്യം, ബാബര്‍ അസമും വീണു; സിഡ്‌നിയില്‍ പാക് ബാറ്റിംഗ് ദുരന്തം, ഓസീസ് പേസ് കൊടുങ്കാറ്റ്

Published : Jan 03, 2024, 07:46 AM ISTUpdated : Jan 03, 2024, 07:51 AM IST
ഓപ്പണര്‍മാര്‍ വട്ടപ്പൂജ്യം, ബാബര്‍ അസമും വീണു; സിഡ്‌നിയില്‍ പാക് ബാറ്റിംഗ് ദുരന്തം, ഓസീസ് പേസ് കൊടുങ്കാറ്റ്

Synopsis

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ടാം ഓവറിലെ രണ്ടാം പന്ത് ആവുമ്പോഴേക്ക് പാകിസ്ഥാന് ഇരു ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു

സിഡ്‌നി: ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടെസ്റ്റിലും ബാറ്റിംഗ് ദുരന്തമായി പാകിസ്ഥാന്‍. സിഡ്‌നി ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 47 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി. പാക് ഓപ്പണര്‍മാര്‍ പൂജ്യത്തിന് മടങ്ങിയപ്പോള്‍ പതിവുപോലെ പേസ് കരുത്തിലാണ് ഓസീസ് ആദ്യ ദിനത്തിന്‍റെ ഒന്നാം സെഷന്‍ തങ്ങളുടേതാക്കി മാറ്റിയത്. ഇരു ടീമുകളും ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 24 ഓവറില്‍ 75-4 എന്ന നിലയില്‍ പാകിസ്ഥാന്‍ പിടയുകയാണ്. ക്യാപ്റ്റനും വണ്‍ഡൗണ്‍ പ്ലെയറുമായ ഷാന്‍ മസൂദും (57 പന്തില്‍ 32), വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും (31 പന്തില്‍ 12) ആണ് ക്രീസില്‍. 

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ടാം ഓവറിലെ രണ്ടാം പന്ത് ആവുമ്പോഴേക്ക് പാകിസ്ഥാന് ഇരു ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ അബ്ദുള്ള ഷെഫീഖിനെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ സഹ ഓപ്പണറും അരങ്ങേറ്റക്കാരനുമായ സയിം അയൂബിനെ മറ്റൊരു പേസര്‍ ജോഷ് ഹേസല്‍വുഡ് വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരിയുടെ കൈകളിലാക്കി. അബ്ദുള്ളയും അയൂബും രണ്ട് വീതം പന്തുകള്‍ നേരിട്ടപ്പോള്‍ അക്കൗണ്ട് തുറന്നില്ല. ഇതിന് ശേഷം പാക് ക്യാപ്റ്റന്‍ ഷാന്‍ മസൂദും മുന്‍ നായകന്‍ ബാബര്‍ അസമും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പതിവ് ബ്രേക്ക് ത്രൂ ബൗളറായ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഈ കൂട്ടുകെട്ട് പൊളിച്ചു. 40 പന്തില്‍ 26 റണ്‍സെടുത്ത ബാബറിനെ കമ്മിന്‍സ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. മധ്യനിര ബാറ്റര്‍ സൗദ് ഷക്കീലിനെ കൂടി (12 പന്തില്‍ 5) കമ്മിന്‍സ് മടക്കിയതോടെ പാകിസ്ഥാന്‍ 14.3 ഓവറില്‍ 47-4 എന്ന നിലയില്‍ പരുങ്ങലിലായി. 

ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിടവാങ്ങല്‍ ടെസ്റ്റ് എന്ന സവിശേഷത സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ മത്സരത്തിനുണ്ട്. പേസര്‍ ഷഹീന്‍ ഷാ അഫ്രീദി, ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് എന്നിവരെ ഒഴിവാക്കിയാണ് പാകിസ്ഥാന്‍ സിഡ്‌നിയില്‍ ഇറങ്ങിയിരിക്കുന്നത്. ഷഹീന്‍ അഫ്രീദിക്കു പകരം ഓഫ് സ്പിന്നര്‍ സാജിദ് ഖാനും ഇമാമിന് പകരം അരങ്ങേറ്റക്കാരൻ സയിം അയൂബുമാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. മൂന്ന് ടെസ്റ്റുകളിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഓസീസ് പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെ ഇറങ്ങി. വാർണറുടെ വിടവാങ്ങൽ ടെസ്റ്റിൽ പരമ്പര തൂത്തുവാരുകയാണ് ഓസീസിന്‍റെ ലക്ഷ്യം.

Read more: നാണംകെടാതിരിക്കാന്‍ ഇന്ത്യ; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം, ടീമില്‍ വന്‍ മാറ്റമുറപ്പ്, മത്സരം കാണാനുള്ള വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത്തും സൂര്യകുമാറും ശിവം ദുബെയുമില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു
ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ഓപ്പണറായി സഞ്ജുവും, ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര